ഇടമലക്കുടിയിലെ രോഗിയെ മഞ്ചലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
ഇടമലക്കുടി; ആദ്യ ഗോത്രവർഗ പഞ്ചായത്ത്, യാത്രാസൗകര്യത്തിൽ അവസാനം
തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ യാത്രാദുരിതം തുടരുകയാണ്. മാസത്തിൽ ഒന്നും രണ്ടും തവണ രോഗികളെ കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനം. കഴിഞ്ഞ ദിവസവും ഇടമലക്കുടിയിൽ പനി ബാധിച്ച് അവശനിലയിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന ഗൃഹനാഥനെ നാട്ടുകാർ മഞ്ചലിൽ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇടമലക്കുടി പഞ്ചായത്തിലെ കൂടല്ലാർകുടി സ്വദേശി അശോകനെയാണ് (50) അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ചുമന്ന് കൊണ്ടുപോയത്.
കടുത്ത പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇയാൾ അവശനിലയിൽ കിടക്കുകയായിരുന്നു. സൊസൈറ്റി കുടിയിലെ ആരോഗ്യ കേന്ദ്രത്തിൽനിന്നും ജീവനക്കാരെത്തി ചികിത്സ നൽകിയിരുന്നു. എന്നാൽ പനി ശക്തമായി അവശനിലയിലായതിനെ തുടർന്നാണ് നാട്ടുകാർ കേരളപ്പിറവിദിനമായ ഞായറാഴ്ച മഞ്ചലിൽ കെട്ടി അഞ്ച് കിലോമീറ്ററിലധികം ദൂരം കാട്ടിലൂടെ ചുമന്ന് ആനക്കുളത്ത് എത്തിച്ചത്. അവിടെനിന്നും വാഹനത്തിലാണ് അടിമാലി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ നാലു രോഗികളെയാണ് നാട്ടുകാർ സമാന രീതിയിൽ മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.
റേഡുകളുടെ അഭാവമാണ് ഇവരുടെ ദുരിതയാത്രക്ക് പിന്നിൽ. മൂന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡായിരുന്ന ഇടമലക്കുടിയെ സംസ്ഥാനത്തെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായി 2010 നവംബർ ഒന്നിനാണ് പ്രഖ്യാപിച്ചത്. ആനമുടി ഫോറസ്റ്റ് റിസർവിനുള്ളിൽ 26 ഉന്നതികളിലായി മുതുവാൻ സമുദായത്തിൽപ്പെട്ട ഗോത്രവർഗ വിഭാഗക്കാരാണ് താമസിക്കുന്നത്. പഞ്ചായത്ത് രൂപവത്കൃതമായി നവംബർ ഒന്നിന് 16 വർഷം പിന്നിട്ടിട്ടും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കഴിഞ്ഞിട്ടില്ല. നാടുമായി ബന്ധപ്പെടണമെങ്കിൽ കടമ്പകൾ പലത് കടക്കേണ്ട ഗതികേടാണ് ഇടമലക്കുടി നിവാസികൾ.
ഇടമലക്കുടി പഞ്ചായത്തിലേക്കുള്ള ഏക വഴിയായ പെട്ടിമുടി-ഇഡലിപ്പാറ റോഡിന്റെ 1300 മീറ്റർ 45 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി കെ.എ. തുളസി നിർദേശിച്ച് നാളുകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കരാറുകാരോട് പണി നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം 16ന് ജില്ല കലക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. 2023ൽ ആരംഭിച്ച പണി മൂന്നുവർഷമായിട്ടും പൂർത്തിയാകാത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. പണി ഇഴയാൻ കാരണം വിവിധ വകുപ്പുകൾ കാട്ടുന്ന അലംഭാവമാണെന്നുള്ള ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.