വാഹനാപകടം; ജീവൻ പൊലിയുന്നവരിൽ ഏറെയും ചെറുപ്പക്കാർ
തൊടുപുഴ: ഇടുക്കിയിലെ നിരത്തുകളിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. 2025, 2026 വർഷങ്ങളിലായി 18നും 40നും ഇടയിൽ പ്രായമുള്ള 49 പേരാണ് ജില്ലയിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത്. 2025ൽ 33 പേരും 2026ൽ ഇതുവരെ 16 പേരും മരിച്ചു. റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊർജിതമായി നടക്കുമ്പോഴും വാഹനാപകടത്തിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടാകാത്തത് മോട്ടോർ വാഹന വകുപ്പിനെയും നിയമപാലകരെയും വലക്കുന്നുണ്ട്. മാസത്തിൽ ശരാശരി അമ്പതോളം വാഹനാപകടങ്ങളാണ് ജില്ലയിലുണ്ടാകുന്നത്. അമിതവേഗം, അശ്രദ്ധ, ഉദാസീനമായ ഡ്രൈവിങ് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യത കൂട്ടുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. റോഡുകള്‍ക്ക് ആവശ്യമായ വീതിയോ വശങ്ങളില് സംരക്ഷണ ഭിത്തികളോ ഇല്ല. തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
നടപടികളുമായി മോട്ടോർ വാഹന വകുപ്പ്
അപകടങ്ങൾ കുറക്കുന്നതിനും വിദ്യാർഥികളിൽ റോഡ് സുരക്ഷാബോധം വളർത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് ശക്തമായ ബോധവത്കരണ പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും ബുധൻ, ശനി ദിവസങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. വാഹനമോടിക്കാൻ നിയമപരമായ പ്രായം, ലൈസൻസ് ഇല്ലാതെയുള്ള വാഹനമോടിക്കൽ എന്നിവയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും അമിതവേഗത്തിന്റെയും അശ്രദ്ധമായ ഡ്രൈവിങ്ങിന്റെയും അപകടസാധ്യതകളും ക്ലാസുകളിൽ വിശദീകരിക്കും. പ്രായപൂർത്തിയാകാത്തവർക്ക് വാഹനങ്ങൾ നൽകുന്നതിന്റെ അപകടങ്ങളും അതിൽ രക്ഷിതാക്കൾക്കുള്ള നിയമപരമായ ഉത്തരവാദിത്തവും ബോധ്യപ്പെടുത്തും. ഇതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് പരിശീലന ക്ലാസുകളിലെത്തുന്നവരുടെ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രത്യേക ബോധവത്കരണം നൽകിവരുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം കുട്ടികളിലും യുവാക്കളിലും സുരക്ഷിത ഡ്രൈവിങ് പരിശീലം വളർത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.