ഇടുക്കി ഇനി അതിദരിദ്രരില്ലാത്ത ജില്ല

തൊടുപുഴ: കർഷകരും തോട്ടം തൊഴിലാളികളും കുടിയേറ്റ ജനതയും ഏറെ അധിവസിക്കുന്ന ഇടുക്കി ഇനി അതിദരിദ്രരില്ലാത്ത ജില്ല. ജില്ലയിലും അതിദാരിദ്ര്യ നിർമാര്‍‍ജനമെന്ന ലക്ഷ്യം പൂർണതയിലെത്തിയതായും പ്രവർത്തനങ്ങൾ പൂർണമായെന്നും 27ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അധികൃതർ പറഞ്ഞു.

ജില്ലയിൽ 2665 അതിദരിദ്ര കുടുംബങ്ങളെയാണ് സർവേയിലൂടെ കണ്ടെത്തിയത്. ഇവർക്കായി 2392 മൈക്രോപ്ലാനുകൾ തയാറാക്കി. 250 കുടുംബങ്ങൾ തൊടുപുഴ, കട്ടപ്പന നഗരസഭകളിലായിരുന്നു. 52 പഞ്ചായത്തുകളിലായി 1917 കുടുംബങ്ങളും. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിങ്ങനെ നാല് പൊതുഘടങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനങ്ങൾ.

ഭക്ഷ്യക്കിറ്റ് വിതരണം, പാചകംചെയ്ത ഭക്ഷണം എന്നിവയിലൂടെ 802 കുടുംബങ്ങൾക്ക് ഭക്ഷണസുരക്ഷയൊരുക്കി. ആരോഗ്യമേഖലയിൽ 949 കുടുംബങ്ങൾക്ക് മരുന്ന്, 198 കുടുംബങ്ങൾക്ക് പാലിയേറ്റിവ് ചികിത്സ, 20 പേർക്ക് ആരോഗ്യസുരക്ഷ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കി. ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ലൈഫിലൂടെ 431 വീട് നിർമിച്ചുനൽകി. 

80 കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതികൾ

കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെ 180 കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതികളും നടപ്പാക്കി. എല്ലാ കുടുംബങ്ങൾക്കും ഇ.പി.ഐ.പി കാർഡുകൾ നൽകി. ഇതുപയോഗിച്ച് സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭിക്കും.

കുട്ടികളെ സ്‍കൂളിൽ ചേർക്കൽ, സൗജന്യ യാത്രാപാസ്, അഡ്മിഷൻ, പഠനോപകരണങ്ങൾ, 131 തിരിച്ചറിയൽ കാർഡ്, 123 ആധാർ കാർഡ്, 260 ഹെൽത്ത് ഇൻഷുറൻസ്, 30 സാമൂഹികസുരക്ഷ പെൻഷൻ, 29 ബാങ്ക് അക്കൗണ്ട്, രണ്ട് ഭിന്നശേഷി കാർഡ്, എട്ട് കുടുംബശ്രീ അംഗത്വം, 35 തൊഴിൽ കാർഡ്, 104 റേഷൻ കാർഡ്, മൂന്ന് ഗ്യാസ് കണക്ഷൻ എന്നിവയും ലഭ്യമാക്കി.

തദ്ദേശ സ്ഥാപനങ്ങൾ, വകുപ്പുകൾ, കുടുംബശ്രീ യൂനിറ്റുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ഇടപെടലാണ് ലക്ഷ്യത്തിലെത്താൻ ഇടയാക്കിയത്. വിദ്യാഭ്യാസം, സാമൂഹികനീതി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ലക്ഷ്യം സാധ്യമായത്.

അതിദാരിദ്ര്യത്തിൽനിന്ന് മോചിതരായ കുടുംബങ്ങൾക്ക് തുടർച്ചയായ പിന്തുണ നല്‍കും. പുതിയ തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും. ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ള കുടുംബങ്ങളെ തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കും. നവംബർ ഒന്നിന് സംസ്ഥാനതല പ്രഖ്യാപനവും നടക്കും.

Tags:    
News Summary - Idukki district achieved poverty eradication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.