പരലോക ചിന്തകൾ സക്കീർ ഹുസൈൻ മൗലവി അൽഹസനി ഇമാം, ചിലവ് മുസ്ലിം ജമാഅത്ത്, തൊടുപുഴ മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻെറ അതിഥിയെ ബഹുമാനിച്ചുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ തൻെറ അയൽവാസിയോട് മാന്യമായി പെരുമാറിക്കൊള്ളട്ടെ''. ജനങ്ങൾ അത്ര പ്രാധാന്യം നൽകാത്തതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ പല കാര്യങ്ങളും മനസ്സിലാക്കാൻവേണ്ടി പ്രവാചക തിരുമേനി സ്വീകരിച്ച ഒരുരീതിയാണിത്. മരണശേഷം ഒരു ജീവിതമുണ്ടെന്നും ഭൗതിക ലോകത്തിലെ കർമങ്ങൾക്ക് അവിടെ പ്രതിഫലം നൽകപ്പെടുമെന്നും ഉറച്ച വിശ്വാസമുള്ള ഒരാൾക്ക് തൻെറ കർമങ്ങളിൽ നന്മ അധികരിപ്പിക്കാനും തിന്മകളിൽനിന്ന് വിട്ടുനിൽക്കാനും സാധിക്കും. ആയിരം ആളുകൾക്ക് ഈ ലോകത്ത് ജീവിക്കാനുള്ള എല്ലാ ജീവിതസൗകര്യങ്ങളും ചെലവുകളും ദാനമായി നൽകിയ ഒരു സമ്പന്നന് താൻ ചെയ്ത സൽകർമത്തിന് പകരമായി ഈ ലോകത്ത് ലഭിക്കുന്നത് പരമാവധി തൻെറ കർമത്തിൻെറ ആയിരത്തിലൊരു ഭാഗം മാത്രമാണ്. കാരണം അയാൾക്ക് ഒരു മനുഷ്യായുസ്സ് മാത്രമേ ഇവിടെ ജീവിതമുള്ളൂ. ആയിരം നിരപരാധികളെ നിർദയം കൊലചെയ്ത കൊലയാളിക്ക് ഈ ലോകത്ത് പരമാവധി ലഭിക്കുന്നത് ഒരു വധശിക്ഷയാണ്. പുണ്യം ചെയ്ത മനുഷ്യന് ആയിരം മനുഷ്യായുസ്സ് സന്തോഷം നിറഞ്ഞ ജീവിതം ലഭിച്ചെങ്കിലേ അവൻെറ കർമത്തിന് നീതിപൂർവമായ പ്രതിഫലമാകൂ. കൊലയാളിയായ മനുഷ്യൻ ആയിരം തവണ മരണവേദന അനുഭവിച്ചെങ്കിലേ അവൻെറ മഹാ അപരാധത്തിനുള്ള ശിക്ഷയാകൂ. അതിന് ഈ ലോകത്തിലെ ജീവിതം പര്യാപ്തമല്ല. അവസാനമില്ലാതെ നീളുന്ന ഒരു ജീവിതം വേണം. പതിനായിരംവട്ടം മരണവേദന അനുഭവിച്ചാലും മരിക്കാത്ത അനന്തമായ ഒരു ലോകം. അതാണ് പരലോകം. ആ ലോകത്തിലെ സമാധാനത്തിനും സുഖത്തിനും വേണ്ടിയാണ് മനുഷ്യൻ പരിശ്രമിക്കേണ്ടത്. നബി തിരുമേനി പറഞ്ഞു: മരണത്തിന് ശേഷമുള്ള ജീവിതസുഖത്തിന് വേണ്ടി പരിശ്രമിക്കുന്നവനാണ് യഥാർഥ ബുദ്ധിമാൻ. മരണാനന്തര ജീവിതത്തിലെ വിജയമെന്ന മഹാലക്ഷ്യത്തിലേക്ക് എത്താനാണ് ഇസ്ലാമിലെ കർമാനുഷ്ഠാനങ്ങളെല്ലാം മനുഷ്യനെ പ്രാപ്തനാക്കുന്നത്. അതിൽ നോമ്പിന് വലിയ പങ്കുണ്ട്. നോമ്പുകാരന് ലഭിക്കുന്ന ഓരോ പ്രതിഫലത്തെപ്പറ്റിയും നബി തിരുമേനി പരിചയപ്പെടുത്തിയത് അതേ രീതിയിലാണ്. പകൽ മുഴുവൻ അന്നപാനീയങ്ങളുപേക്ഷിച്ച് പട്ടിണി കിടക്കുേമ്പാൾ അവൻെറ വായിൽ നിന്നുണ്ടാകുന്ന ദുർഗന്ധം പോലും പരലോകത്ത് കസ്തൂരിയേക്കാൾ സുഗന്ധമായി പരിണമിക്കും. നോമ്പുകാരന് നോമ്പ് തുറക്കാൻ ഭക്ഷണം നൽകിയാൽ പരലോകത്തെ ഹൗദുൽ കൗസറെന്ന പരിശുദ്ധ ജലാശയത്തിൽനിന്ന് കുടിക്കാൻ ഭാഗ്യം ലഭിക്കും. നോമ്പുകാരന് മാത്രമായി പ്രവേശിക്കാൻ സ്വർഗത്തിന് 'റയ്യാൻ' എന്ന പേരുള്ള കമനീയ കവാടമുണ്ട്. നോമ്പ് തുറക്കുന്ന സമയത്ത് തൻെറ കർമം പൂർത്തിയായതിൻെറ പേരിൽ സന്തോഷിക്കുന്ന വിശ്വാസിക്ക് പരലോകത്ത് തൻെറ യജമാനനായ അല്ലാഹുവിനെ കണ്ടുമുട്ടുേമ്പാഴുള്ള ഏറ്റവും വലിയ സന്തോഷം ലഭിക്കും. TDL 1 sakeer husain moulavi chelav സക്കീർ ഹുസൈൻ മൗലവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.