തൊടുപുഴ: വോട്ട് പെട്ടി പൊട്ടിക്കാൻ ഇനി അഞ്ചുനാൾ മാത്രം ശേഷിക്കെ ജില്ലയിൽ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വോട്ടെടുപ്പ് കഴിഞ്ഞ് ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കുന്നത്. തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. മുപ്പതോളം സ്ഥാനാർഥികളുടെ വിധിയാണ് തിങ്കളാഴ്ച പുറത്തെത്തുന്നത്. സംസ്ഥാന ഭരണത്തിലേക്ക് ചുവടുവെക്കാൻ ഇരു മുന്നണികൾക്കും ജില്ലയിലെ ആധിപത്യം നിർണായകമായതിനാൽ മത്സരഫലത്തിനായി സ്ഥാനാർഥികളും മുന്നണി നേതാക്കളും നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്.
ആധിപത്യം നിലനിർത്തുമെന്ന് എൽ.ഡി.എഫ്
ജില്ലയിൽ നിലവിൽ നാല് നിയമസഭ മണ്ഡലങ്ങൾ ഇടത് മുന്നണിയുടെ കൈവശമാണ്. യു.ഡി.എഫിന്റെ കൈയിലുള്ളത് തൊടുപുഴ മാത്രമാണ്. എന്നാൽ നാല് സീറ്റുകളും നിലനിർത്തുമെന്നും തൊടുപുഴയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ഇടത് നേതാക്കൾ പറയുന്നത്. സംസ്ഥാന സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളും ജില്ലക്കായി നടപ്പാക്കുന്ന പ്രത്യേക പദ്ധതികളും മുന്നണിക്കനുകൂലമായ ജനവികാരം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചില മണ്ഡലങ്ങളിൽ മത്സരം കടുത്തതാണെങ്കിലും അത് മണ്ഡലം നഷ്ടമാകുന്ന തരത്തിലാകില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
അഞ്ചും ഉറപ്പിച്ച് യു.ഡി.എഫ്
ഇത്തവണ ജില്ല തൂത്തുവാരുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ അവകാശവാദം. രണ്ട് പതിറ്റാണ്ടോളമായി ജില്ലയിൽ കോൺഗ്രസിന് എം.എൽ.എമാരില്ലാത്ത സാഹചര്യമാണ്. ഇതിന് ഇത്തവണ മാറ്റം വരുമെന്ന് നേതാക്കൾ ഒന്നടങ്കം ഉറപ്പ് പറയുന്നു. തൊടുപുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി 30,000 ത്തിലേറെ വോട്ടുകൾക്കും ഇടുക്കിയിൽ 12,000 ത്തോളം വോട്ടുകൾക്കും പീരുമേട്ടിൽ 10,000 ത്തോളം വോട്ടുകൾക്കും ഉടുമ്പഞ്ചോല, ദേവികുളം മണ്ഡലങ്ങളിൽ 5,000ത്തോളം വോട്ടുകൾക്കും മുന്നണി സ്ഥാനാർഥികൾ വിജയിക്കുമെന്നാണ് ജില്ല തല അവലോകന യോഗത്തിലെ വിലയിരുത്തൽ.
ശ്രദ്ധയാകർഷിച്ച് ഇടുക്കിയും ഉടുമ്പഞ്ചോലയും
മത്സര ഫലത്തിനായി സംസ്ഥാനം മൊത്തം കാത്തിരിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. മന്ത്രി റോഷി അഗസ്റ്റിൻ മത്സരിക്കുന്ന ഇടുക്കിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ മത്സരിക്കുന്ന ഉടുമ്പഞ്ചോലയുമാണത്. ഇടുക്കി ഏത് വിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് മണ്ഡലം ഏറ്റെടുക്കുകയും മുതിർന്ന നേതാവ് റോയി കെ. പൗലോസിനെ മത്സരിപ്പിക്കുകയും ചെയ്തതോടെ മന്ത്രി റോഷി അഗസ്റ്റിന് ഇവിടെ ഈസി വാക്കോവറാവില്ലെന്നുറപ്പാണ്. ഉടുമ്പഞ്ചോലയിൽ മുതിർന്ന നേതാവും ജനകീയനുമായ എം.എം. മണിയെ മാറ്റി കെ.കെ. ജയചന്ദ്രനെ മത്സരിപ്പിച്ച സി.പി.എം നടപടിയാണ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മുൻ സി.പി.എം നേതാവും മൂന്ന് വട്ടം എം.എൽ.എയുമായിരുന്ന എസ്. രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയായെത്തിയതോടെ ദേവികുളത്തെ തെരഞ്ഞെടുപ്പ് ഫലവും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.