ഇടമലക്കുടിയിൽ കാട്ടാന തകർത്ത വീടുകളിൽ ഒന്ന്

അടിമാലി: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംസാരവിഷയമായിരുന്നു ഇടമലക്കുടിയിലെ റേഷന്‍ കൊള്ള. അയ്യായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള പഞ്ചായത്തില്‍ സര്‍ക്കാര്‍ വിതരണത്തിനെത്തിച്ച 65,000 കിലോ ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടകള്‍ നടത്തുന്ന ഗിരിജന്‍ സഹ. സംഘം തട്ടിച്ചെടുത്തതായിരുന്നു ഇത്. അരിയും മറ്റ് സാധനങ്ങളും ഇല്ലാതെ ആഴ്ചകളായി അടഞ്ഞ് കിടന്ന റേഷന്‍ കടകള്‍ താൽക്കാലികമായി തുറന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.

അഴിമതി നടത്തിയ സൊസൈറ്റിക്ക് പകരം പുതിയ ലൈസന്‍സിയെ കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്‌നം. വിഷയത്തില്‍ താലൂക്ക് സപ്ലൈ ഓഫിസറെയും റേഷനിങ് ഇന്‍സ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു. വിജിലന്‍സ്-പൊലീസ് അന്വേഷണവും നടക്കുന്നു. രണ്ട് വര്‍ഷം മുമ്പും സമാന തട്ടിപ്പ് റേഷന്‍ കടകളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, തെറ്റുകാരായ സംഘത്തെ തന്നെ തട്ടിച്ച വസ്തുവിന്റെ പണം ഗഡുക്കളായി ഈടാക്കി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കിയതാണ് വീണ്ടും വലിയ തട്ടിപ്പിന് ഇടയാക്കിയത്. ഇവിടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലുള്ളത്. റേഷന്‍ കടയില്‍ എത്തി സാധനങ്ങള്‍ വാങ്ങാന്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ യാത്ര ചെയ്യണം.

തട്ടിപ്പിന് മറയായി പദ്ധതികൾ

മൂന്ന് പതിറ്റാണ്ടായി ഇവിടെനിന്ന് കേൾക്കുന്നത് വലിയ കൊള്ളയുടെ വാര്‍ത്തകള്‍ തന്നെ. ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ 130 ലക്ഷം രൂപ വിനിയോഗിച്ച് വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ ഏലകൃഷിയിലെ കൊള്ളയായിരുന്നു ആദ്യത്തേത്.

130 ലക്ഷത്തില്‍ 109 ലക്ഷം രൂപയും ഉന്നത വനപാലകരക്കം വെട്ടിച്ചെടുത്തെന്നാണ് കേസ്. ഡി.എഫ്.ഒ അടക്കം പ്രതികളായ കേസില്‍ 8 ഉദ്യോഗസ്ഥര്‍ വിചാരണ നേരിട്ടിരുന്നു. കേസ് ഇതുവരെ തീര്‍പ്പായിട്ടില്ല.

ഗതാഗത- വാര്‍ത്തവിനിമയ സംവിധാനവുമില്ല

മൂന്നാറില്‍നിന്ന് 34 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി സ്ഥിതി ചെയ്യുന്നത്. പെട്ടിമുടിയില്‍ നിന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടി വരെ മാത്രമേ വാഹനം എത്തിയിട്ടുള്ളൂ. നിര്‍മാണം തുടങ്ങി വര്‍ഷങ്ങളായിട്ടും റോഡ് പാതി വഴിയിലാണ്. വലിയ വാഹനങ്ങള്‍ എത്താത്ത ഇവിടെ ജീപ്പുകളാണ് ആശ്രയം. ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ അരോഗ്യ രംഗത്ത് വലിയ വെല്ലുവിളി നേരിടുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 5 പേരാണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്. വന്യമൃഗ ഭീഷണിയാണ് മറ്റൊരു വിഷയം. കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ നാലു മാസത്തിനിടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാട്ടാനകള്‍ പഞ്ചായത്ത് ഓഫിസ്, സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പതിവായി ആക്രമണം നടത്തുന്നുണ്ട്.

Tags:    
News Summary - Idamalakkudi, thinned by exploitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.