റവന്യൂ മന്ത്രി കെ. രാജൻ

വെള്ളിയാമറ്റത്തെ ഭൂമിയുടെ ഉയർന്ന ന്യായവില: റവന്യൂ മന്ത്രി റിപ്പോർട്ട് തേടി

വെള്ളിയാമറ്റം: വെള്ളിയാമറ്റം വില്ലേജിലെ ഭൂമിക്ക് ഉയർന്ന ന്യായവില നിശ്ചയിച്ചതിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജൻ.വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു ബിജുവും പൊതുപ്രവർത്തകൻ സജി ജോസഫ് ആലക്കാത്തടവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഇടുക്കി കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഉയർന്ന ന്യായവിലമൂലം കാലങ്ങളായി ദുരിതമനുഭവിക്കുകയാണ് നാട്ടുകാർ.

ചെറുകിട കർഷകരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അധിവസിക്കുന്ന മലയോര, പിന്നാക്ക മേഖലയായ വെള്ളിയാമറ്റം വില്ലേജിൽ നിലവിലുള്ള ഭൂമിയുടെ ന്യായവില തൊടുപുഴ നഗരസഭയിലേതിന് തുല്യമാണെന്നാണ് പരാതി.സമീപത്തെ അറക്കുളം കുടയത്തൂർ, ആലക്കോട്, കരിമണ്ണൂർ വില്ലേജുകളെ അപേക്ഷിച്ച് വെള്ളിയാമറ്റം വില്ലേജിൽ നാലും അഞ്ചും ഇരട്ടിയാണ് താരിഫ് വില നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വർഷാവർഷം ന്യായവിലയുടെ നിശ്ചിത ശതമാനം വർധിക്കുന്നത് കൂടുതൽ ദുരിതമാകുന്നു.

ഉയർന്ന താരിഫ് വിലമൂലം ഇവിടെ വസ്തു കൈമാറ്റവും വിൽപനയും വലിയ പ്രതിസന്ധിയിലാണ്.സ്ഥലം വിൽക്കാൻ കഴിയാത്തതിനാൽ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, രോഗികളുടെ ചികിത്സ എന്നിവയൊക്കെ മുടങ്ങുന്ന സംഭവങ്ങളുമുണ്ട്.വെവില ഉയർന്നാണെങ്കിലും വായ്പ ആവശ്യത്തിന് ബാങ്കിൽ ചെന്നാൽ മതിയായ തുക ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ന്യായവില കുറച്ചുകിട്ടാൻ നൂറിലധികം പേർ അപേക്ഷ നൽകുകയും 95 പേർക്ക് കലക്ടർ ഇളവ് നൽകുകയും ചെയ്തിരുന്നു. 50 മുതൽ 75 ശതമാനം വരെയാണ് ഇളവ് നൽകിയത്. വിലയിൽ അനിയന്ത്രിത വർധനയുള്ളതിനാലാണ് കലക്ടർ ഇടപെട്ട് ഇളവ് നൽകിയതെന്ന് നാട്ടുകാർ പറയുന്നു.

അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു

ഇന്ദു ബിജു (വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്‍റ്)

വെള്ളിയാമറ്റത്തെ ജനത വർഷങ്ങളായി നേരിടുന്ന ഗുരുതര പ്രശ്നമാണ് ഉയർന്ന ന്യായവില. ഇക്കാര്യം പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി കെ. രാജനെ നേരിൽക്കണ്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാർതലത്തിൽ അനൂകല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നാട്ടുകാർ സമരത്തിലേക്ക് നീങ്ങും

സജി ജോസഫ് ആലക്കാത്തടത്തിൽ (പൊതുപ്രവർത്തകൻ)

വെള്ളിയാമറ്റം വില്ലേജിലെ ഉയർന്ന ന്യായവില മൂലം നാട്ടുകാർ ഒന്നടങ്കം ദുരിതത്തിലാണ്. ഈ കുരുക്ക് അഴിച്ചെടുക്കാൻ നിതാന്ത പരിശ്രമത്തിലാണ് ഞങ്ങൾ. റവന്യൂ അധികൃതരെയും സർക്കാറിനെയും ഇക്കാര്യം വിശദമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നാട്ടുകാർ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങും.

Tags:    
News Summary - High fair value of land in Velliyamattam: Revenue Minister seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.