കുമളി: കനത്ത മഴയെ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി. ടൗണിൽ സെൻട്രൽ ജങ്ഷൻ മുതൽ മുസ്ലിം പള്ളിക്കു മുൻവശം വരെയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയ പാതയുടെ ഭാഗമായ കുമളി ടൗണിൽ മണിക്കൂറുകളോളം വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. റോഡിൽ വെള്ളം കയറിയതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ചെറുവാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത നിലയിലായി.
റോഡിലെ കലുങ്കുകളും ഓടകകളും കൃത്യമായി വൃത്തിയാക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയാണ് ടൗണിൽ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. റോഡിലെ കലുങ്കുകൾ ഉയർത്തി നിർമിക്കാൻ ദേശീയപാത അധികൃതർ തുടരുന്ന അനാസ്ഥയും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട്.
റോഡിന് സമാന്തരമായി നിർമിച്ച ഓടകൾക്ക് മുകളിലൂടെയാണ് നടപ്പാതകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ഓടകൾ തുറന്ന് ഇതിനുള്ളിലെ മണ്ണും കല്ലും ചപ്പുചവറുകളും നീക്കാനാവുന്നില്ല. റോഡിലെ പഴയ കലുങ്കുകൾക്കടിയിലൂടെ കേബിൾ, പൈപ്പുകൾ എന്നിവ സ്ഥാപിച്ചതിനാൽ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞ് ജലം ഒഴുകുന്നത് തടസ്സപ്പെടുന്നുമുണ്ട്. ഇവയൊന്നും വേനൽക്കാലത്ത് വൃത്തിയാക്കാൻ പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ പലതവണ വെള്ളം കയറിയിട്ടും പ്രതിഷേധിക്കാൻ വ്യാപാരി നേതൃത്വത്തിനും കഴിയാത്തത് അനാസ്ഥ തുടരുന്ന അധികൃതർക്ക് സഹായമാകുന്നതായി വ്യാപാരികൾ പറയുന്നു. തേക്കടിയിലേക്ക് വിദേശികൾ ഉൾപ്പടെ വിനോദ സഞ്ചാരികൾ വന്നു പോകുന്ന കുമളി ടൗണിൽ കാൽനടക്കാർക്കു പോലും കടന്നു പോകാനാവാത്ത വിധം വെള്ളക്കെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.