ഇടുക്കി ജില്ലയിൽ മഴ കനത്തു; മ​ലയോരമേഖലയിൽ അതിജാഗ്രത

തൊടുപുഴ: ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുന്നു. ശനിയാഴ്​ച തൊടുപുഴ, പീരുമേട്​ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ ശക്തമായ മഴ രേഖപ്പെടുത്തി. ഞായർ, തിങ്കൾ ദിവസങ്ങളിലും ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക്​ സാധ്യതയെന്നാണ്​​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

രണ്ടുദിവസവും ജില്ലയിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. ജില്ലയിൽ ശനിയാഴ്​ച രാവിലെവരെ ശരാശരി 27.3 മി.മി മഴയാണ്​ രേഖപ്പെടുത്തിയത്​. ഉടുമ്പൻചോല -4.8 മി.മി, ദേവികുളം -22, തൊടുപുഴ -34.6, പീരുമേട് -56. ഇടുക്കി -18.8 എന്നിങ്ങനെയാണ്​ മഴ.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ചെറിയ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട്​ മുൻകരുതൽ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശമുണ്ട്​. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനും മറ്റ് ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങരുത്​. ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയും സെൽഫിയെടുക്കയും കൂട്ടം കൂടി നിൽക്കുകയും ചെയ്യരുത്​.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പ്​ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.