പുല്ലുപാറയിൽ ഉരുൾപൊട്ടി കല്ലും മണ്ണും റോഡിലേക്ക് പതിച്ചപ്പോൾ
തൊടുപുഴ: ശനിയാഴ്ച രാവിലെ ആരംഭിച്ച തോരാമഴയിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും വ്യാപക നാശം. പുല്ലുപാറയിലും ശാന്തിഗ്രാമിലും ലബ്ബക്കടയിലും മൂലമറ്റത്തും ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. വിവിധ മേഖലകളില്‍ ശനിയാഴ്ച രാവിലെ മുതൽ തന്നെ ഇടിമിന്നലോട് കൂടിയ മഴയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് പുഴകളിലും അണക്കെട്ടിലും ജലനിരപ്പ് ഉയർന്നിരുന്നു. ശനിയാഴ്ചയിലെ തോരാമഴകൂടിയായതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി. പല അണക്കെട്ടുകളും തുറന്നതോടെ പുഴകളിലും ജലനിരപ്പ് ഉയരുകയാണ്. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തഹസിൽദാർമാർ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ ബ്ലൂഅലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. മൂലമറ്റം മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തേക്കടി തടാകത്തിലെ ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി. മണ്ണിടിച്ചിലിനെ തുടർന്ന് പലയിടത്തും വിനോദസഞ്ചാരികളടക്കം കുടുങ്ങി.
വെള്ളക്കെട്ടിൽ തൊടുപുഴ
തകർത്തുപെയ്ത മഴയിൽ തൊടുപുഴ നഗരം വെള്ളത്തിലായി. കടകളിൽ വെള്ളം കയറി ഒട്ടേറെ വ്യാപാരികൾക്ക് നാശനഷ്ടം. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം ഉയർന്നത് ഏറെ നേരം ഗതാഗതതടസ്സത്തിനും ഇടയാക്കി. നഗരത്തിൽ പ്രധാനവീഥികളിൽ പലഭാഗത്തും വെള്ളം കടകളിൽ കയറിയത് വ്യാപാരികൾക്ക് നാശനഷ്ടം സൃഷ്ടിച്ചു. നഗരത്തിലൂടെയുള്ള ഗതാഗതവും തകരാറിലായി.
പാലാ റോഡിൽ മണക്കാട് ജങ്ഷൻ മുതൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപം വരെ വെള്ളം ഉയർന്ന് ഗതാഗതതടസ്സവും വെള്ളം കയറി ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടവും ഉണ്ടായി. പഴയ മണക്കാട് റോഡ്, പ്രസ്ക്ലബിന് സമീപം മൗണ്ട് സീനായ് റോഡ് ജങ്ഷൻ, റോട്ടറി ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളം ഉയർന്നു. ടെലിഫോൺ എക്സ്ചേഞ്ച് ജങ്ഷൻ, കാഞ്ഞിരമറ്റം ജങ്ഷൻ, മങ്ങാട്ടുകവല കാരിക്കോട് റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നത് മൂലം ഗതാഗത തടസ്സം ഉണ്ടായി. ഈ ഭാഗത്ത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരത്തിനു സമീപ പ്രദേശങ്ങളിലും കനത്ത മഴ കൃഷിനാശത്തിനു കാരണമായി. ചെറിയ തോടുകളെല്ലാം നിറഞ്ഞ് പാടത്തും കൃഷിസ്ഥലത്തുമെല്ലാം വെള്ളം കയറി കൃഷി നശിച്ചു. മഴയും കാറ്റും ഉണ്ടായതിനെ തുടർന്നു മരം വീണും മറ്റും പല ഭാഗത്തും വൈദ്യുതി വിതരണവും അവതാളത്തിലായി.
പുല്ലുപാറയിൽ ഉരുൾപൊട്ടി; അഴുതയാർ കരകവിഞ്ഞു
പീരുമേട്: ദേശീയ പാത 183ൽ പുല്ലുപാറയിൽ ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 9.30നാണ് നീർച്ചാലിലൂടെ ഉരുൾപൊട്ടലിൽ കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് തടസ്സം നീക്കിയതിനുശേഷം 12ഓടെ ഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു. ഇതിനുശേഷം കുട്ടിക്കാനം ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ദേശീയ പാതയിൽ 35ാം മൈലിൽ പൊലീസ് ഗതാഗതം തടഞ്ഞു. കോട്ടയം-കുമളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ പീരുമേട് പ്ലാക്കത്തടം കോളനിയിൽ പുത്തൻവീട്ടിൽ സതീഷിെൻറ വീട് പൂർണമായി തകർന്നു. കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പീരുമേട് ആറ്റോരം റോഡിൽ അഴുതയാർ കരകവിഞ്ഞ് നദീതീരത്തെ വീടുകളിൽ വെള്ളം കയറി. ഏലപ്പാറ ടൗണിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.
മണ്ണിടിച്ചിലിൽനിന്ന് എം.എൽ.എയും സംഘവും രക്ഷപ്പെട്ടു
പീരുമേട്: മണ്ണിടിച്ചിൽനിന്ന് വാഴൂർ സോമൻ എം.എൽ.എയും ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു. ദേശീയപാത 183ൽ വളഞ്ചാങ്കാനത്തെ തേയില ഫാക്ടറിക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത് നീക്കം ചെയ്യുന്നത് കാണാൻ എം.എൽ.എ, തഹസിൽദാർ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് എന്നിവർ സ്ഥലത്ത് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. രണ്ട് അടിയിലധികം ഉയരത്തിലാണ് റോഡിൽ മണ്ണ് പതിച്ച് ഗതാഗതം തടസ്സപ്പെട്ടത്. എം.എൽ.എയെ ഒപ്പം ഉണ്ടായിരുന്നവർ വലിച്ചു മാറ്റിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
കൺട്രോൾ റൂം തുറന്നു
തൊടുപുഴ: പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ കൺട്രോൾ റൂം തുറന്നു. പീരുമേട് -04869 232077, ഉടുമ്പൻചോല -04868 232050, ദേവികുളം -04865264231, ഇടുക്കി -04862 235361, തൊടുപുഴ- 04862 222503. കൂടാതെ ജില്ലതല കൺട്രോൾ റൂം നമ്പറുകൾ തുറന്നിട്ടുണ്ട്. ഫോൺ -04862 233111, 04862 233130, 9383463036.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.