ചെറുതോണി: ഇടുക്കിയിലെ വൈദ്യുതി നിലയങ്ങളിൽ തകരാർ നിത്യസംഭവം. മുഴുവൻ തകരാറുകളും പരിഹരിച്ചെന്ന് അവകാശപ്പെട്ട് മൂലമറ്റത്ത് പൂർണതോതിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി ഒരാഴ്ച പൂർത്തിയാക്കുംമുേമ്പയാണ് വെള്ളിയാഴ്ച പൊട്ടിത്തെറി ഉണ്ടായത്. മൂലമറ്റം വൈദ്യുതി നിലയം പുനരുദ്ധരിക്കാനുള്ള നടപടി തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. എല്ലാം ശരിയായി എന്ന് വൈദ്യുതി ബോർഡ് അവകാശപ്പെടുമ്പോഴും നവീകരണം പാതിവഴിയിലാണ്.
വൈദ്യുതി നിലയത്തിലെ അഞ്ചാംനമ്പർ ജനറേറ്ററിെൻറ കൺട്രോൾ പാനലിൽ 2011 ജൂൺ 20നുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് യുവ എൻജിനീയർമാർ മരിച്ചു. ഇതിനുശേഷവും ചെറുതും വലുതുമായ പൊട്ടിത്തെറികൾ ഉണ്ടായി.
തകരാറുകളുടെ കാര്യത്തിൽ ജില്ലയിലെ മറ്റ് വൈദ്യുതി നിലയങ്ങളും പിറകിലല്ല. സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള വൈദ്യുതി നിലയമാണ് പള്ളിവാസൽ. ഓടിത്തേഞ്ഞ ജനറേറ്ററുകൾ ഇവിടെ ജീവനക്കാരുടെ ഉറക്കംകെടുത്തുന്നു.
പഴക്കംചെന്ന മറ്റൊരു വൈദ്യുതി നിലയമാണ് പന്നിയാർ. 1964ൽ കമീഷൻ ചെയ്ത ഇവിടെ 15 മെഗാവാട്ടിെൻറ രണ്ട് ജനറേറ്ററാണുള്ളത്. 2017 സെപ്റ്റംബർ 17ന് പെൻസ്റ്റോക് പൈപ്പ് തകർന്നത് എട്ട് ജീവനക്കാരുടെ മരണത്തിൽ കലാശിച്ചു. 25ലധികം വീടുകൾ തകർന്നു. 150ൽപരം ഏക്കർ കൃഷി നശിച്ചു. രണ്ടുവർഷത്തെ അറ്റകുറ്റപ്പണിക്കുശേഷം വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചപ്പോൾ സർക്കാറിന് നഷ്ടം കോടികൾ.
ചോർച്ചകളുടെയും പൊട്ടിത്തെറികളുടെയും കാര്യത്തിൽ നേര്യമംഗലം പവർ ഹൗസ് ഒട്ടും പിന്നിലല്ല. ഇതിനകം ഉണ്ടായ പല പൊട്ടിത്തെറികളിൽനിന്ന് തലനാരിഴയിലാണ് ജീവൻ രക്ഷപ്പെട്ടതെന്ന് ജീവനക്കാർ പറയുന്നു. നിലയത്തിലേക്ക് വെള്ളമെത്തിക്കുന്ന നാല് പെൻസ്റ്റോക് പൈപ്പുകളുടെയും അറ്റകുറ്റപ്പണി നടത്തേണ്ട കാലം കഴിഞ്ഞതാണ്.
ലോവർ പെരിയാർ ഡാം കമീഷൻ ചെയ്തത് 1997ലാണ്. ഇതിനകം പലതവണ സ്വിച്യാഡിൽ ഉണ്ടായ യന്ത്രത്തകരാറുകൾ ജീവനക്കാരിൽ ആശങ്കയുണ്ടാക്കി. മഴക്കാലമായാൽ ഇടിമിന്നൽ നിത്യസംഭവമാണ്. ഇതിൽനിന്ന് സുരക്ഷ നൽകുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമില്ല.
രാജ്യത്തെ ആദ്യത്തെ കോൺക്രീറ്റ് ഡാമാണ് മാട്ടുപ്പെട്ടി. ഇന്ത്യയിലെതന്നെ ഏറ്റവും ചെറിയ പവർഹൗസായിട്ടാണ് മാട്ടുപ്പെട്ടി അറിയപ്പെടുന്നത്. രണ്ട് മെഗാവാട്ടാണ് വൈദ്യതി ഉൽപാദനം. ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച ഡാം 1957ലാണ് കമീഷൻ ചെയ്ത്. കാലപ്പഴക്കംമൂലം തകരാറുകൾ പതിവ്.
ചെങ്കുളം ജലവൈദ്യുതി പദ്ധതി 1954ലാണ് കമീഷൻ ചെയ്തത്. ഇവിടെനിന്ന് ടണലിലൂടെയും അവിടെനിന്ന് 957 മീ. ദൂരം പെൻസ്റ്റോക് പൈപ്പിലൂടെയും വെള്ളത്തൂവലിൽ സ്ഥിതിചെയ്യുന്ന വൈദ്യുതി നിലയത്തിലെത്തിച്ചാണ് ഉൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.