അടിമാലി: വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കുട്ടികൾക്ക് നൽകാനുള്ള പരിഷ്കരിച്ച മാതൃകാ ഭക്ഷണ മെനു പുറത്തിറക്കിയത് അംഗൻവാടികളിലെ സൗകര്യങ്ങൾ പരിശോധിക്കാതെയെന്ന് ആക്ഷേപം. ഈ മാസം എട്ട് മുതൽ മാതൃക ഭക്ഷണം നൽകിത്തുടങ്ങണമെന്നാണ് അംഗൻവാടികൾക്ക് ലഭിച്ച നിർദേശം. ഭക്ഷണ മെനു ലഭിച്ചതോടെ എങ്ങനെ ഉണ്ടാക്കി നൽകും എന്നോർത്ത് ജീവനക്കാർ ആശങ്കയിലാണ്.
ഭക്ഷണം പാകം ചെയ്യാനാവശ്യമായ പാത്രങ്ങൾ, മെനുവിൽ പറഞ്ഞ രീതിയിൽ ചേരുവകൾ അളന്നെടുക്കാനുള്ള അളവുതൂക്ക ഉപകരണങ്ങൾ എന്നിവ അംഗൻവാടികളിലില്ല. ഇത്തരം ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യവുമില്ല. ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ പരിശീലനം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. കുട്ടികൾക്ക് ഇലയട, കൊഴുക്കട്ട എന്നിവ ഉണ്ടാക്കാൻ ഒരു ഗ്രാം, അഞ്ച് ഗ്രാം, 20 ഗ്രാം, 100 ഗ്രാം തുടങ്ങിയ അളവുകളിലാണ് ചേരുവകൾ നിർദേശിച്ചിട്ടുള്ളത്. പക്ഷേ, ഇവ തൂക്കി അളക്കാനുള്ള ഉപകരണങ്ങളടക്കം അംഗൻവാടികളിൽ ഉണ്ടോ എന്ന പരിശോധന അധികൃതർ നടത്തിയിട്ടില്ല.
തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും പോഷക മൂല്യമുള്ള വിവിധ ഭക്ഷണ ക്രമങ്ങളാണ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ച പ്രാതലിന് പാൽ, പിടി, കൊഴുക്കട്ട, ഇലയട എന്നിവയിൽ ഏതെങ്കിലും നൽകണം. ഇവ ഉണ്ടാക്കാൻ അരി പൊടിച്ചെടുക്കണം. എന്നാൽ, പൊടിക്കാനുള്ള ഉപകരണം അംഗൻവാടികളിൽ ഇല്ല. സ്വകാര്യ ഫ്ലോർ മില്ലുകളിൽ നിന്ന് അരി പൊടിച്ചെടുത്താൽ അതിനാവശ്യമായ തുക ജീവനക്കാർ സ്വന്തം കയ്യിൽ നിന്നു കൊടുക്കണം. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ജീവനക്കാർ പറയുന്നു.
അതേ സമയം പരിഷ്കരിച്ച മെനു പ്രകാരം ഉള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകൾ അംഗൻവാടികളിൽ ഉണ്ടെന്നും, ആവശ്യമായ സംവിധാനങ്ങളൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്ന കാര്യം ആലോചനയിലാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.