തൊടുപുഴ: നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് തൊടുപുഴയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തു. നവകേരള സദസ്സ് നടക്കുന്ന വേദിക്ക് 200 മീറ്റർ അകലെയാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് വരുന്നതിന് നിശ്ചയിച്ച റോഡരികിലെ ഹോട്ടലിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറെ നേരമായി നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ഏതാനും സമയത്തെ നിരീക്ഷണത്തിന് ശേഷം പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തി വാഹനത്തിലെത്തിച്ചത്. തുടർന്ന് തൊടുപുഴ സ്റ്റേഷനിലെത്തിച്ചു. ജില്ല പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ജില്ല സെക്രട്ടറിമായ ഷാനു ഷാഹുൽ, ടി.എസ്. ഫൈസൽ, കെ.എസ്.യു നേതാവ് ജോസുകുട്ടി ജോസഫ്, എബി മുണ്ടക്കൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായാണ് നടപടിയെന്ന് തൊടുപുഴ സി.ഐ പറഞ്ഞു. ഇവരെ പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.