54 വർഷം മുമ്പ് മലനാട്ടിലേക്ക് ആദ്യവരവ്
തൊടുപുഴ: കാടും മലയും കയറി ഉമ്മൻചാണ്ടി ഇടുക്കിയിൽ ആദ്യമെത്തുന്നത് 54 വർഷം മുമ്പാണ്. കെ.എസ്.യു പ്രസിഡന്റായിരിക്കെ 1969 ഫെബ്രുവരി 25ന് ആയിരുന്നു അത്. നെടുങ്കണ്ടം കല്ലാർ സ്കൂളിൽ കെ.എസ്.യു യൂനിറ്റ് രൂപവത്കരണത്തിനായിരുന്നു ഇടുക്കിയിലേക്ക് വണ്ടികയറിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഒപ്പമുണ്ടായിരുന്നത്. അന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം ജില്ല പ്രസിഡന്റ്. യൂത്ത് കോൺഗ്രസ് നേതാവ് കുര്യൻ ജോയിയും ഒപ്പമുണ്ട്. അക്കാലത്ത് കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു ഇടുക്കിയുടെ ഈ പ്രദേശമത്രയും. 24ന് കോട്ടയത്തുനിന്ന് തിരിച്ച് പിറ്റേന്ന് രാവിലെ നെടുങ്കണ്ടത്തെത്തി. അവിടെനിന്ന് കാൽനടയായി മുണ്ടിയെരുമയിൽ. അമ്പലത്തിന് സമീപത്തെ ആറ്റിൽ കുളിച്ച കാര്യമൊക്കെ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. അമ്പത്തിയാറ് കുഞ്ഞേട്ടെൻറ (സി.പി. മാണി) പ്രസിൽ വിശ്രമിച്ച് വൈകീട്ട് യൂനിറ്റ് ഉദ്ഘാടനവും കഴിഞ്ഞ് ശ്രീമന്ദിരം ശശികുമാറിെൻറ വീട്ടിലാണ് തങ്ങിയത്. നെടുങ്കണ്ടം മുതൽ കല്ലാർ സ്കൂളിലേക്കും അവിടെനിന്ന് ശ്രീമന്ദിരത്തിെൻറ വീട്ടിലേക്കും 10 കിലോമീറ്റർ നടന്നാണെത്തിയത്. പിറ്റേന്ന് രാവിലെ തൂക്കുപാലത്തുനിന്ന് പൊൻകുന്നത്തേക്കുള്ള ‘മോർണിങ് സ്റ്റാർ’ ബസിൽ തിരികെ കോട്ടയത്തേക്ക് മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.