തൊടുപുഴ: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവില്ല. ഈ മാസം ഇതുവരെ 5493 പേർ പനി ബാധിച്ച് ചികിത്സ തേടി. സെപ്റ്റംബർ 9043 പേർക്കാണ് പനി ബാധിച്ചത്. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ മാത്രം കണക്കാണിത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനിബാധിതരുടെ എണ്ണം ഇരട്ടിയാകും. ഇതിനൊപ്പം കോവിഡ് കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിവസം 20 കോവിഡ് കേസുകൾ വരെ ഒരു മാസം റിപ്പോർട്ട് ചെയ്യുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ മാസം മാത്രം നാലു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 22 പേർ ചികിത്സ തേടി. കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനി ബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മാറിമാറി വരുന്ന മഴയും വെയിലും രോഗബാധിതരുടെ എണ്ണം കൂട്ടുന്നു. പനി ബാധിതരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണവും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇപ്പോൾ പരിശോധനകൾ കുറഞ്ഞത് കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസംകൊണ്ട് പനിമാറുന്നതിനാൽ ആരും പരിശോധനക്കും തയാറാകാറില്ല. പനി മാറിയാലും ചുമ, തലവേദന, ശരീര വേദന, തൊണ്ട വേദന മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീളുകയും ചെയ്യും. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുന്ന സാഹചര്യവുമുണ്ട്. വീട്ടിൽ ഒരാൾക്ക് പനി പിടിപെട്ടാൽ തൊട്ടുപിന്നാലെ മറ്റുള്ളവരും രോഗബാധിതരാകുന്നതാണ് സാഹചര്യം. സ്കൂൾ കുട്ടികൾക്കിടയിലും പനി വ്യാപകമാണ്.
അതേസമയം, പ്രമേഹം, രക്തസമ്മർദം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ളവർ പനിക്ക് സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. ഗർഭിണികളും പനി ബാധിതരായാൽ ആശുപത്രിയെത്തി ചികിത്സ തേടണം. തൊണ്ടവേദനയോടുകൂടി പനി, ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം എന്നിവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ തന്നെയാണ് പലപ്പോഴും മറ്റ് പനികൾക്കും. മാസ്ക് ധരിക്കുന്നതും സമൂഹഅകലം പാലിക്കുന്നതും കോവിഡിൽനിന്ന് മാത്രമല്ല വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളിൽനിന്ന് രക്ഷ നേടാൻ ഉപകരിക്കും. ഇതുകൂടാതെ മഴ മൂലം പലയിടത്തായി കെട്ടിക്കിടക്കുന്ന വെള്ളം മൂലം ഡെങ്കിപ്പനി, എലിപ്പനി സാധ്യതയും നിലനിൽക്കുന്നുണ്ട്. ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുമ്പോഴും പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് ഇവയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മാത്രമല്ല ചില മരുന്നുകൾക്ക് ക്ഷാമവും നേരിടുന്നു. ആന്റിബയോട്ടിക്കുകൾ, കുട്ടികളുടെ ചുമക്കുള്ള മരുന്ന് എന്നിവക്കൊക്കെ സർക്കാർ ആശുപത്രികളിൽ പലയിടത്തും കിട്ടാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.