കോവിഡ് കരുതൽ ഡോസ് വിതരണത്തിൽ ജില്ല പിന്നിൽ

തൊടുപുഴ: കോവിഡ് വാക്സിന്റെ കരുതൽ (ബൂസ്റ്റർ) ഡോസ് വിതരണ കാര്യത്തിൽ ജില്ല ഏറെ പിന്നിൽ. കോവിഡ് ആശങ്ക ഒഴിഞ്ഞതും മഴയുമെല്ലാം വാക്സിനേഷനെ ബാധിക്കുന്നതായും പലരും താൽപര്യം കാണിക്കാത്തതുമാണ് മെല്ലപ്പോക്കിന് പിന്നിൽ.

ഈ സാഹചര്യത്തിൽ ഫീൽഡുതല പ്രവർത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 60 പിന്നിട്ടവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ എന്നിവർക്ക് തുടക്കം മുതൽ കരുതൽ ഡോസ് സൗജന്യമായിരുന്നെങ്കിലും ഇവരുടെ വാക്സിനേഷൻ മന്ദഗതിയിലാണ്. 60 കഴിഞ്ഞവരിൽ 19.96 ശതമാനം പേർ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.

കഴി‍‍ഞ്ഞ വെള്ളിയാഴ്ച മുതൽ 18-59 പ്രായക്കാർക്ക് കരുതൽ ഡോസ് സൗജന്യമായി നൽകിത്തുടങ്ങിയതോടെ ഈ വിഭാഗത്തിൽ കൂടുതൽ പേർ ഇപ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ പ്രായപരിധിയിലെ 18,843 പേരാണ് ചൊവ്വാഴ്ചവരെ കരുതൽ ഡോസ് സ്വീകരിച്ചത് (3.84 ശതമാനം).

നേരത്തെ 18-59 പ്രായക്കാർ പണം നൽകി സ്വകാര്യ സെന്ററുകളിൽനിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നായിരുന്നു നിർദേശം. ജില്ലയിൽ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. അതിനാൽ വളരെ കുറച്ചു പേർ മാത്രമാണ് ഈ വിഭാഗത്തിൽ കരുതൽ ഡോസ് എടുത്തിരുന്നത്.

ഇപ്പോൾ കേന്ദ്ര സർക്കാർ പദ്ധതി അനുസരിച്ച് സർക്കാർ ആശുപത്രികളിലൂടെ 75 ദിവസം കരുതൽ ഡോസ് സൗജന്യമായി ലഭിക്കും. രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞവരാണ് കരുതൽ ഡോസ് എടുക്കേണ്ടത്. ആശ പ്രവർത്തകരെക്കൊണ്ട് വാർഡുതലത്തിൽ കൃത്യമായ കണക്ക് ശേഖരിച്ച് അവരെ വാക്സിനേഷൻ സെന്ററുകളിൽ എത്തിക്കാനാണ് ശ്രമം. കരുതൽ ഡോസ് എടുക്കാൻ സമയമായവർ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സീൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - district is lagging behind in the supply of Covid reserve doses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.