തൊടുപുഴ: സുന്ദരമായ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള നാടാണ് ഇടുക്കി. മനോഹരമായ പ്രദേശങ്ങൾ ഏറെ ഉണ്ടെങ്കിലും അത്രതന്നെ അപകടം ഒളിഞ്ഞുകിടക്കുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. ഞൊടിയിട നേരത്തെ അശ്രദ്ധയിൽ ജില്ലയിലെ ജലാശയങ്ങളിലും പുഴകളിലും വീണ് ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. ചൊവ്വാഴ്ച തൊടുപുഴക്ക് സമീപം കാളിയാർ മുള്ളങ്കുത്തിയിലെ ചെക്ഡാമിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചിരുന്നു. ഒടിയപാറ സ്വദേശി ഹരികൃഷ്ണനാണ് (20) മരിച്ചത്. ചെവ്വാഴ്ചതന്നെ കല്ലമ്പലം സ്വദേശിയായ യുവാവിനെ കൊച്ചു കരിന്തരുവി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. ബുധനാഴ്ച നിബിൻ (20) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അപകടങ്ങൾ തുടരുകയും ജലാശയങ്ങളും ഡാമുകളും മുതൽ പാറക്കുളങ്ങളും കിണറുകളും വരെ മരണക്കയങ്ങളായി മാറുമ്പോഴും വേണ്ടത്ര ജാഗ്രത ജനങ്ങളുടെയും അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. തദ്ദേശീയരും ബന്ധുവീടുകളിലെത്തിയവരും വിനോദസഞ്ചാരികളുമൊക്കെയാണ് അപകടങ്ങളിൽപെടുന്നത്. നീന്തൽ വശമില്ലാഞ്ഞിട്ടും പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങി മരണത്തെ ക്ഷണിച്ചുവരുത്തുന്നവർ ഏറെയുണ്ട്.
പല അപകട മേഖലകളിലും മതിയായ സൂചനാബോർഡുകളോ മറ്റു മുന്നറിയിപ്പു സംവിധാനങ്ങളോ സ്ഥാപിക്കാൻ നടപടിയുണ്ടാകുന്നുമില്ല. മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശരിയായ ബോധവത്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് അപകടങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണം. ജലാശയങ്ങളിലും പുഴകളിലും മറ്റും പതിയിരിക്കുന്ന അപകടക്കെണികൾ തിരിച്ചറിയാതെ പോകുന്നതും ദുരന്തങ്ങൾക്കു വഴിതെളിക്കുന്നു. കൂട്ടുകാരൊത്ത് കുട്ടികൾ പുഴയിലിറങ്ങി സാഹസികത കാട്ടുന്നതും നീന്തലറിയാത്തവർ അതു മറച്ചുവെച്ച കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. വെള്ളത്തിൽ വീണ് അപകടമുണ്ടാകുമ്പോൾ, പലപ്പോഴും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വരുന്നതും വെല്ലുവിളിയാണ്.
സംരക്ഷണ ഭിത്തിയില്ലാത്ത കുളങ്ങളും കിണറുകളും മുൻ വർഷങ്ങളിലും നിരവധി ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. മനോഹരവും അപകടങ്ങൾ പതിയിരിക്കുന്നതുമായ നിരവധി ജലാശയങ്ങളാണ് ജില്ലയിലുള്ളത്. നീന്തല്‍ അറിയാവുന്നവര്‍പോലും ഇവിടെ അപകടങ്ങളിൽപെട്ട് മരിക്കുന്ന സാഹചര്യമാണുള്ളത്. കൃത്യമായ മുന്നറിയിപ്പ് ബോർഡുകളടക്കം സ്ഥാപിച്ച് സഞ്ചാരികൾക്കും ഇവിടങ്ങളിലെത്തുന്നവർക്കും നിർദേശങ്ങൾ നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.