സാംസ്കാരിക തിയറ്റർ സമുച്ചയത്തിനുള്ള സ്ഥലം ചലച്ചിത്ര വികസന കോർപറേഷന് ചെയര്മാന് ഷാജി എന്‍. കരുണിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
ഇടുക്കി: കേരളത്തിന്റെ സാംസ്കാരിക തനിമ ഉയര്‍ത്തിപ്പിടിക്കാനും ഓരോ ദേശത്തിന്റെയും തനത് സാംസ്കാരിക പൈതൃകം വിളംബരം ചെയ്യാനുമായി ജില്ലയിലും സാംസ്കാരിക തിയറ്റർ സമുച്ചയം ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും സാംസ്കാരിക സമുച്ചയങ്ങള്‍ നിർമിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് (കെ.എസ്.എഫ്.ഡി.സി) ചെയര്മാന് ഷാജി എന്‍. കരുണ്‍ ചൊവ്വാഴ്ച ഇടുക്കി പാർക്കിന് സമീപത്തെ പദ്ധതി പ്രദേശം സന്ദർശിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്ന സ്ഥലം തിയറ്ററിന് അനുയോജ്യമാണെന്ന് കണ്ടെത്തി നിർദേശിച്ചിരുന്നു. ഇതിന്റെ സാധ്യത നേരിട്ട് മനസ്സിലാക്കാനാണ് ചെയര്‍മാനും പ്രോജക്ട് മാനേജറും ഇടുക്കിയിലെത്തിയത്.
ചെറുതോണി -ഇടുക്കി മെയിന്‍ റോഡില്‍ ഒരു കിലോമീറ്റര്‍ മാറി ആലിന്‍ചുവട് ജങ്ഷന് മുതല്‍ ഇടുക്കി ചപ്പാത്ത് വരെ റോഡരികില്‍ ടൂറിസം വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍നിന്നാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. ഇവിടെ സാംസ്കാരിക തിയറ്റര്‍ യാഥാർഥ്യമാകുന്നതോടെ ഇടുക്കിയുടെ ടൂറിസം, സിനിമ മേഖലകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷ. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി മാറാന്‍ ഇടുക്കിക്ക് കഴിയുമെന്നും ഷാജി എൻ. കരുൺ പറഞ്ഞു.
ജില്ല പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, അംഗം രാജു ജോസഫ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്കുമാര്‍, മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യന്‍, പ്രോജക്ട് മാനേജര്‍ കെ.ജെ. ജോസ് തുടങ്ങിയവര്‍ ചെയര്മാനൊപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.