തൊടുപുഴ: മനുഷ്യ-വന്യമൃഗ സംഘർഷം തടയിടാൻ ലക്ഷ്യമിട്ട് ഇടുക്കിയിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചത്. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കണമെന്ന ഹൈകോടതി നിർദേശപ്രകാരമാണ് നടപടി. പ്രഥമ പരിഗണന ഇടുക്കിക്ക് നൽകണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു.
ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.എ. സിറാജുദ്ദീനാണ് ടാസ്ക് ഫോഴ്സ് അധ്യക്ഷൻ. ഇടുക്കി ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും വ്യാപിപ്പിക്കും. സബ് കലക്ടർ, ഡി.എഫ്.ഒ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരടങ്ങുന്നവരാണ് സംഘത്തിൽ. അരിക്കൊമ്പനടക്കം കാട്ടാനകളുടെ ആക്രമണത്തിന് പരിഹാരമുണ്ടാക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ ആദ്യപരിഗണന. ഇതിന്റെ ഭാഗമായി ആദ്യയോഗം ഓൺലൈനിൽ നടന്നു. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, മൂന്നാർ ഡി.എഫ്.ഒ, ശാന്തൻപാറ എസ്.എച്ച്.ഒ, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. അടുത്ത യോഗം 25ന് ചിന്നക്കനാലിൽ നടക്കും.
സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ശല്യം നേരിടുന്ന സ്ഥലങ്ങളിലെല്ലാം എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പഠിച്ച് റിപ്പോർട്ട് തയാറാക്കി ഹൈകോടതിയിൽ സമർപ്പിക്കുമെന്ന് ടാസ്ക് ഫോഴ്സ് അധ്യക്ഷൻ പി.എ. സിറാജുദ്ദീൻ പറഞ്ഞു. വനമേഖലകളിൽനിന്ന് ജനവാസ മേഖലകളിലേക്ക് മൃഗങ്ങൾ ഇറങ്ങാൻ കാരണം, അതെങ്ങനെ പരിഹരിക്കാം എന്നതടക്കം പരിശോധിച്ച് ദീർഘകാല പ്രോജക്ട് തയാറാക്കുകയാണ് ലക്ഷ്യം. ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് മേയ് മൂന്നിന് നൽകും. ഇതിനു ശേഷം മറ്റ് ഇടങ്ങളിലെ പ്രശ്നങ്ങളിലും സ്ഥലം സന്ദർശിച്ചശേഷം നടപടി കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.