ചൂഷണം സഹിക്കവയ്യാതെ തെരുവിലിറങ്ങിയ മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകളെ കാണാനും പുന്നപ്രയുടെ സമരവീര്യം മലകയറിയെത്തി.
മൂന്നാറിനെ വിറപ്പിച്ച പെമ്പിളൈ ഒരുമൈ സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും തൊഴിലാളി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ട സമയത്ത്, അവരുടെ നടുവിലേക്ക് കടന്നു ചെല്ലാൻ സാധിച്ച ഒരേയൊരു നേതാവും വി.എസ് ആയിരുന്നു.
കൊടുംതണുപ്പിൽ ആ സമരപ്പന്തലിൽ ഒരുപകലും രാത്രിയും സമരക്കാർക്കൊപ്പം പിന്തുണ അറിയിച്ച് വി.എസ് ഇരുന്നത് നാട് ഒന്നാകെ ഏറ്റെടുത്തു. സമരം വിജയത്തിലേക്ക് എത്തുന്ന കാഴ്ചകളാണ് പിന്നീട് കേരളം കണ്ടത്.
തൊടുപുഴ: ഇടുക്കിയെന്നും വി.എസിന്റെ രാഷ്ട്രീയത്തിന് പാകപ്പെട്ട മണ്ണായിരുന്നു. അതുകൊണ്ട് തന്നെ ഈ മണ്ണിന്റെ മക്കൾക്കും തൊഴിലാളികൾക്കും വി.എസ് എന്ന രണ്ടക്ഷരം അങ്ങനെയൊന്നും മനസ്സിൽനിന്ന് മാഞ്ഞുപോകില്ല. 1957ലാണ് ആദ്യദൗത്യവുമായി വിഎസ് ഇടുക്കിയിലെത്തുന്നത്.
അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിനായിരുന്നു അത്. റോസമ്മ തെരഞ്ഞെടുപ്പിൽ വലിയവിജയം നേടി. അന്നു മുതൽ ഇടുക്കിയുടെ മണ്ണിനോട് വി.എസിന് പ്രിയമേറെയുണ്ടായിരുന്നു. മണ്ണിന്റെയും പരിസ്ഥിതിയുടെയും തൊഴിലാളിയുടെയും രാഷ്ട്രീയത്തിൽ ചവിട്ടി വി.എസ് പലതവണ വീണ്ടും ഇടുക്കിയിലെത്തി.
വി.എസ് മൂന്നാറിലെ കൈയേറ്റ സ്ഥലങ്ങൾ സന്ദർശിക്കുന്നു (ഫയൽ ചിത്രം)
മതികെട്ടാനിലെ കൊടുങ്കാറ്റ്
വി.എസിന്റെ പോരാട്ടചരിത്രത്തത്തിന്റെ പ്രധാനപ്പെട്ട ഒരു ഘട്ടമായിരുന്നു മതികെട്ടാൻ. 2002ൽ മതികെട്ടാനിൽ കൈയേറ്റത്തിനെതിരെ പ്രതിഷേധമുയർത്തിയാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ഇടുക്കിയിൽ എത്തിയത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയതാണ് മതികെട്ടാൻ മഴക്കാടുകൾ. ഇതിന്റെ തുടർച്ചയായാണ് 2003ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. കൈയേറ്റ വിവാദമുണ്ടായതിനുശേഷം മതികെട്ടാനിലെത്തിയ ആദ്യരാഷ്ട്രീയ നേതാവ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു.
2002 ഏപ്രിൽ 20നായിരുന്നു വി.എസിന്റെ സന്ദർശനം. വൻകിട കൈയേറ്റക്കാരുടെ പേര് വിവരങ്ങൾ പുറത്തായി. വനംമന്ത്രിയായിരുന്ന കെ. സുധാകരൻ മന്ത്രിസഭയിൽ മതികെട്ടാൻ വിഷയം ഉയർത്തിയെങ്കിലും ഒരനക്കവുമുണ്ടായില്ല. എന്നാൽ, വി.എസിന്റെ വരവോടെ ചരിത്രം മാറി. സംഭവം വിവാദമായതോട തുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറി എൻ. ചന്ദ്രശേഖരൻ നായരെ കൈയേറ്റം അന്വേഷിക്കാൻ നിയോഗിച്ചു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറടക്കം ഒരു ഡസനോളം ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. മതികെട്ടാനിൽനിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. 2002 ഒക്ടോബർ 17ന് മതികെട്ടാൻചോല അടങ്ങുന്ന സ്ഥലം റവന്യൂ വകുപ്പിൽനിന്ന് വനം വകുപ്പിന് കൈമാറി. അലയൊലികൾക്കൊടുവിൽ മതികെട്ടാൻ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മൂന്നാറിലെത്തിയേപ്പാൾ (ഫയൽ ചിത്രം)
കൈയേറ്റക്കാരെ വിറപ്പിച്ച ഒഴിപ്പിക്കൽ
കേരളം ഞെട്ടിയത് 2007 മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിലാണ്. 2006ല്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ ഒഴിപ്പിക്കൽ ഒരു പോരാട്ടമായിരുന്നു. 2007 മേയ് 13നാണ് മൂന്നാറില്‍ കെ. സുരേഷ്കുമാര്‍, ഐ.ജി ഋഷിരാജ്സിങ്, കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെ.സി.ബി ഉരുണ്ടുതുടങ്ങിയത്.
ദൗത്യസംഘം കൈയേറ്റങ്ങള്‍ ഒന്നൊന്നായി ഒഴിപ്പിച്ചു. ജൂണ്‍ ഏഴുവരെയുളള 25 നാളുകള്‍ക്കിടെ 91 കെട്ടിടങ്ങള്‍ നിലം പതിച്ചു. 11,350 ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുകയും ചെയ്തു. പിന്നീട് പാർട്ടി ഓഫിസുകളുടെ മുന്നിലേക്ക് ജെ.സി.ബി എത്തിയപ്പോൾ ഉന്നതങ്ങളിലെ പല നെറ്റികളും ചുളിഞ്ഞു. സി.പി.എം, സി.പി.ഐ കക്ഷികൾ എതിർപ്പുമായി രംഗത്തേക്ക് വന്നണു. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാല് വെട്ടുമെന്നാണ് അന്ന് ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി പ്രഖ്യാപിച്ചത്. പിന്നാലെ വിവാദങ്ങളും പിടിമുറുക്കി.
ദൗത്യസംഘത്തിന്റെ മേല്‍ വിലങ്ങുകള്‍ വീണുതുടങ്ങി. പതിയെ പതിയെ സുരേഷ്കുമാറും ഋഷിരാജ് സിങ്ങും ആരുമറിയാതെ മലയിറങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ദൗത്യസംഘത്തലവന്‍ സ്ഥാനത്തുനിന്ന് സുരേഷ്കുമാറിനെ മാറ്റി. ഋഷിരാജ് സിങ് അവധിയെടുക്കുകയും ചെയ്തു. എങ്കിലും വി.എസ് ഉയർത്തിയ കൊടുങ്കാറ്റ് വൻകിട കൈയേറ്റക്കാർക്കുള്ള വലിയൊരു പാഠമായി.
അടിമാലി: മുറിയാത്ത ആത്മബന്ധമായിരുന്നു എൻ.വി. ബേബിയും വി.എസും തമ്മിൽ. മുഖ്യമന്ത്രിയായും അല്ലാതെയും വി.എസ്. അച്യുതാനന്ദന് ജില്ലയിൽ എത്തിയാൽ കർഷകസംഘം നേതാവും പാർട്ടി ജില്ല കമ്മിറ്റി അഗവുമായ എന്‍.വി. ബേബിയുടെ പണിക്കന്‍കുടിയിലെ വീട്ടില്‍ എത്താതെ മടങ്ങാറില്ലായിരുന്നു.
ഒരു കാലത്ത് വിശ്വസ്തരായിരുന്ന ജില്ലയിലെ കരുത്തരും അല്ലാത്തവരും എതിര് ചേരിയിലേക്ക് മാറിയപ്പോഴും തന്നോടൊപ്പം ഉറച്ച നിലപാട് സ്വീകരിച്ചയാളാണ് എന്‍.വി. ബേബി. അതുകൊണ്ട് തന്നെ ജില്ലയിലെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വി.എസ് തെരഞ്ഞെടുത്തിരുന്നത് ഇദ്ദേഹത്തിന്റെ വീടാണ്. 2007ല്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലോടെയാണ് ജില്ലയിലെ പാർട്ടിയിലെ കരുത്തരായവരെല്ലാം വി.എസിനെ കൈയൊഴിഞ്ഞത്.
കൊന്നത്തടിയെന്ന കുടിയേറ്റ ഗ്രാമത്തിന്റെ വികസനത്തിനും വി.എസ് വലിയ സംഭാവനയാണ് നല്‍കിയത്. കൊന്നത്തടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കല്ലാര്‍കുട്ടിയില്‍ പാലം കൊണ്ടുവന്നത് അടക്കം വലിയ വികസനമാണ് വി.എസ് കൊണ്ടുവന്നത്. മുഖ്യന്ത്രിയുടെ തിരക്കുകള്‍ മാറ്റിവെച്ച് കല്ലാര്‍കുട്ടി പാലത്തിന്റെ ശിലസ്ഥാപനത്തിനും വി.എസ് എത്തി.
പീരുമേട്: തോട്ടം തൊഴിലാളികളുടെ പട്ടിണികാലത്താണ് രക്ഷകന്റെ റോളിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വണ്ടിപ്പെരിയാറിലെത്തിയത്. തേയിലത്തോട്ടങ്ങളിലെ പ്രതിസന്ധി രൂക്ഷമായി ആർ.സി.ടി തോട്ടം അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾ പട്ടിണിയിലായ നാളുകളായിരുന്നു അത്.
വണ്ടിപ്പെരിയാറ്റിലെത്തി തോട്ടങ്ങൾ സന്ദർശിക്കുകയും തൊഴിലാളികളുടെ സങ്കടങ്ങൾ കേൾക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവാണങ്കിലും സാധാരണക്കാരായ തൊഴിലാളികളോട് ചേർന്നിരുന്ന് അവരുടെ സങ്കടങ്ങൾകേട്ട മുതിർന്ന നേതാവിനെ ആദരവോടെയാണ് തൊഴിലാളികൾ എതിരേറ്റത്. തുടർന്ന് സി.പി.എമ്മിന്റെ വണ്ടിപ്പെരിയാറ്റിലെ ഓഫിസായ രാമമൂർത്തി സെന്ററിൽ എത്തി ട്രേഡ് യൂനിയൻ നേതാക്കളുമായി പ്രശ്നം ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ കേട്ടറിഞ്ഞുമാണ് മടങ്ങിയത്. വി.എസിന്റെ ഇടപെടലിനെ തുടർന്നാണ് തൊഴിലാളികൾക്ക് സൗജന്യറേഷനും ഓണത്തിന് ധനസഹായവും അടക്കം സർക്കാർ നടപടികൾക്ക് വഴിവെച്ചത്.
വാഗമണ്ണിലെ സർക്കാർ ഭൂമി കൈയേറ്റത്തിലും വി.എസിന്റെ ഇടപെടൽ ഉണ്ടായി. 2003ൽ വാഗമണ്ണിൽ സർക്കാർ ഭൂമി വൻകിടക്കാർ വ്യാപകമായി കൈയേറുകയും റിസോർട്ട് നിർമാണ പ്രവർത്തനങ്ങൾക്ക് മലനിരകൾ ഇടിച്ച് തകർക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലും വാഗമൺ മേഖലയിലെ കൈയേറ്റഭൂമി സന്ദർശിച്ചു. കോലാഹലമേട്ടിലെ കെ.എൽ.ഡി ബോർഡിന്റെ ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരെ കാണുകയും കൈയേറ്റത്തിന്റെ വ്യാപ്തിയും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. തോട്ടം പ്രതിസന്ധിയിൽ വി.എസിന്റെ ഇടപെടലും വാഗമണ്ണിലെ സർക്കാർ ഭൂമി കൈയേറ്റത്തിലെ നിലപാടും ജില്ലക്കാർക്ക് വി.എസിനെ ഏറെ പ്രിയപ്പെട്ടവനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.