ചെറുതോണി: ഇടുക്കിയിൽ നഴ്സിങ്ങ് കോളജ് തുടങ്ങിയിട്ട് രണ്ട് വർഷം കഴിയുമ്പോഴും ക്ലാസ് മുറികളും ഹോസ്റ്റലും സ്വന്തമായില്ല. പരാതി പറഞ്ഞ് രക്ഷിതാക്കളും കുട്ടികളും മടുത്തു. മെഡിക്കൽ കോളജിന്റെ പഴയ ക്ലാസ് മുറികൾ എങ്കിലും പഠനാവശ്യത്തിന് വിട്ടുനൽകാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും രക്ഷയില്ല.
ഇപ്പോൾ പെൺകുട്ടികൾ താമസിക്കുന്നത് വിദ്യാധിരാജാ സ്കൂളിന്റെ പഴയ കെട്ടിടത്തിലാണ്. ഇവിടെ താമസിക്കുന്ന ഒരു വിദ്യാർഥിനിയെ എലി കടിച്ചു. പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ല. 2023-ലാണ് ഇടുക്കി മെഡിക്കൽ കോളജിൽ ബി.എസ്സി നഴ്സിങ് പഠനം ആരംഭിച്ചത്. 60 പേരാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്. പരിമിതികൾക്കുള്ളിൽ ശ്വാസം മുട്ടുന്ന നഴ്സിങ് കോളജിലേക്ക് ഇത്തവണ മൂന്നാമത്തെ ബാച്ച് വിദ്യാർഥികളായി 60 പേർ കൂടി എത്തുമ്പോൾ ആകെ വിദ്യാർഥികളുടെ എണ്ണം 180 ആകും. പുതിയ വിദ്യാർഥികൾക്ക് താമസ സൗകര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വിദ്യാധിരാജ സ്കൂൾ കെട്ടിടത്തിലെ എട്ട് ക്ലാസ് മുറികളിലായി നൂറോളം വിദ്യാർഥിനികൾ ഇവിടെ ഞെങ്ങിഞെരുങ്ങി കഴിയുന്നു. ആവശ്യത്തിന് ശുചിമുറികളോ പഠിക്കാനുള്ള സൗകര്യങ്ങളോ ഇവിടെയില്ല.
പുതുതായി എത്തുന്ന ബാച്ചിലെ പെൺകുട്ടികളേയും ഇവിടെത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം. ആൺകുട്ടികൾ താമസ സൗകര്യത്തിനായി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. നഴ്സിങ് വിദ്യാർഥികൾക്ക് ലൈബ്രറി, ലബോറട്ടറി സൗക ര്യങ്ങളും ആരംഭിച്ചിട്ടില്ല. നഴ്സിങ് കൗൺസിൽ നിർദേശപ്രകാ രമുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ല.
ആരോഗ്യ സർവകലാശാലയുടെ പ്രത്യേക അംഗീകാരം വാങ്ങിയാണ് കോളജ് പ്രവർത്തനം തുടങ്ങിയത്. രണ്ടുമാസത്തിനുള്ളിൽ എല്ലാം ശരിയാക്കാമെന്ന ഉറപ്പിലാണ് അംഗീകാരം വാങ്ങിയതെന്ന് പറയപ്പെടുന്നു. നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തിയില്ലെങ്കിൽ നഴ്സിങ് കൗൺസിൽ അനുമതി ലഭിക്കില്ല. അംഗീകാരമില്ലെങ്കിൽ പരീക്ഷാഫലം നൽകാൻ സർവകലാശാലക്ക് ബുദ്ധിമുട്ടാകും.
മൂന്ന് ബാച്ചുകൾക്കും ഒരേ സമയം ക്ലാസെടുക്കാൻ ഒരു ലക്ചർ ഹാൾ മാത്രമാണുള്ളത്. പുതിയ കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള ഹാൾ ക്രമീകരിക്കാമെങ്കിലും അവിടേക്കെത്താൻ ലിഫ്റ്റ് സൗകര്യമില്ല. പൈനാവിൽ സ്ഥിതിചെയ്യുന്ന 39 മുറികളുള്ള ഇടുക്കി മെഡിക്കൽ കോളജ് ഹോസ്റ്റൽ വിദ്യാർഥികൾക്ക് വിട്ടു നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും.
39 മുറികളുള്ള ഹോസ്റ്റൽ കെട്ടിടത്തിൽ ഇപ്പോൾ 11 പേർ മാത്രമാണ് താമസിക്കുന്നത്. വിദ്യാർഥികൾക്ക് പൈനാവിലെ ഹോസ്റ്റൽ നൽകുമെന്ന് കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. അത് പാലിക്കപ്പെട്ടില്ല.
ചെറുതോണി: സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരായ വ്യാജ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഇടുക്കി ഏരിയ കമ്മറ്റി. നഴ്സിങ് കോളജ് ഇടുക്കിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടം മുതല്‍ കോളജ് മാറ്റുന്നതിന് പി.ടി.എയിലെ ഒരു വിഭാഗം ശ്രമിച്ചു വരികയാണ്.
നിരന്തരം വിവാദങ്ങളുണ്ടാക്കി സൗകര്യക്കുറവുണ്ടെന്ന് വരുത്തി തീര്‍ത്ത് മറ്റ് ജില്ലകളിലേക്ക് മാറ്റിക്കൊണ്ടുപോകാനാണ് നീക്കം. ഇടുക്കി നഴ്സിങ്ങ് കോളജിന് ഹോസ്റ്റല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കാനാണ് മെഡിക്കല്‍ കോളജ് വികസന സമിതി യോഗം തീരുമാനിച്ചത്. ഇതിനായി സര്‍ക്കാര്‍ പ്രതിനിധിയായ സി.വി. വര്‍ഗീസിനെ യോഗം ചുമതലപ്പെടുത്തിയിരുന്നു. വിദ്യാധിരാജ സ്കൂളില്‍ താമസം ഒരുക്കിയത് വര്‍ഗീസ് ആയിരുന്നു.
ഹോളി ഫാമിലി ചര്‍ച്ച് ഹോസ്റ്റലിലും താമസം ഉറപ്പാക്കിയിരുന്നു. ജില്ലാ കമ്മറ്റി ഓഫിസില്‍ എത്തിയ പി.ടി.എ- വിദ്യാർഥി പ്രതിനിധി സംഘത്തോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ്, ജില്ലാ കമ്മറ്റിയംഗം കെ.ജി. സത്യന് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.