വണ്ണപ്പുറം: പഞ്ചായത്തിന്റെ നടക്കൽ ബസ്സ്റ്റോപ്പിന് സമീപത്തെ കലുങ്ക് അപകടാവസ്ഥയിൽ. ഏകദേശം 32 വർഷം മുമ്പ് പണിതതാണിത്. കലുങ്കിന്റെ വാർക്കക്കായി ഉപയോഗിച്ചിരുന്ന മെറ്റലും കമ്പിയും സിമന്റും അടർന്ന നിലയിലാണ്. ഈ ഭാഗത്ത് കലുങ്ക് ഉണ്ടെന്ന അടയാളം പോലും നിലവിൽ ഇല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തുനിന്ന് തൊമ്മൻകുത്ത് കാണാൻ എത്തിയ സഞ്ചാരികളുടെ കാർ ഇവിടെ റോഡിന് വട്ടം മറിഞ്ഞിരുന്നു എങ്കിലും യാത്രികർ അൽഭുതകരമായി രക്ഷപ്പെട്ടു.
രാത്രി റോഡിന്റെ ദിശ മനസ്സിലാക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇവിടെ തെരുവ് വിളക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു വിധ വെളിച്ചവും ഈ ഭാഗത്തില്ല. വളവും ഇറക്കവും മൂലം വാഹനങ്ങൾ അമിത വേഗത്തിലാണ് പോകുന്നത്. വണ്ണപ്പുറം, തൊമ്മൻകുത്ത്, കരിമണ്ണൂർ, തൊടുപുഴ മേഖലകളിലേക്ക് പോകുന്ന പ്രധാന പൊതുമരാമത്ത് റോഡു കൂടിയാണിത്. ഇതിലൂടെ അനേകം ബസ് സർവിസുകളും ചെറു വാഹനങ്ങളും സ്കൂൾ ബസുകളും കാൽനട യാത്രക്കാരും കടന്നു പോകുന്നുണ്ട്. ഇതിന് സമീപത്തുള്ള മറ്റൊരു കലുങ്കും അപകടാവസ്ഥയിലായിരുന്നുവെങ്കിലും 1.22 കോടി രൂപ മുടക്കി അതിന്റെ പണി പുരോഗമിക്കുകയാണ്. തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്താൻ സഞ്ചാരികൾക്കുള്ള പ്രധാന റോഡുകൂടിയാണിത്.
അപകട സ്ഥിതി മനസ്സിലാക്കി സമീപവാസികൾ പൊതു മരാമത്ത് ഓഫിസിൽ അറിയിച്ചെങ്കിലും അധികൃതർ നടപടികൾ സ്വീകരിച്ചില്ല എന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.