തൊടുപുഴ: ജലാശയങ്ങളാൽ സമ്പന്നമാണ് ഇടുക്കിയെങ്കിലും വേനൽക്കാലമായാൽ പല പ്രദേശങ്ങളിലും കുടിവെള്ളത്തിന് നെട്ടോട്ടമാണ്. മിക്ക കിണറുകളും വറ്റിത്തുടങ്ങി. പുഴകളിലെ വെള്ളം കുറഞ്ഞു. തോടുകൾ പലതും മെലിഞ്ഞു. സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിക്കുന്ന ഇടുക്കിയുടെ സ്ഥിതിയാണിത്.
ജില്ലയിൽ ഉപയോഗിക്കുന്ന ഭൂ ജലത്തിന്റെ അളവ് 55.28 ശതമാനമാണ്. ജില്ലയിൽ ജലം അമിതമായി ചൂഷണം ചെയ്യുന്ന ബ്ലോക്കുകൾ ഇല്ലെങ്കിലും രണ്ട് ബ്ലോക്കുകൾ ഭാഗിക ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. കട്ടപ്പന, നെടുങ്കണ്ടം എന്നിവയാണ് അവ. ഇപ്പോൾ സുരക്ഷിത വിഭാഗത്തിലുള്ള തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾ ഭാവിയിൽ ഭാഗിക ഗുരുതര വിഭാഗത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് ഭൂജല വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഭൂജലത്തിന്റെ കരുതലോടെയുള്ള ഉപഭോഗവും ശാസ്ത്രീയ ഭൂജല സംപോഷണ രീതികളും അവലംബിച്ചാൽ മാത്രമേ അമിത ജലചൂഷണത്തിൽനിന്ന് രക്ഷ നേടാനാകൂവെന്നാണ് വിദഗ്ധർ പറയുന്നത്. ചെങ്കുത്തായ മലനിരകൾ നിറഞ്ഞ ഭൂപ്രകൃതി, ആഗോള താപനത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങൾ, വന നശീകരണം, അനധികൃതവും അശാസ്ത്രീയവുമായ കുഴൽകിണറുകളുടെ നിർമാണം തുടങ്ങിയ ജലക്ഷാമം രൂക്ഷമാക്കുന്ന നടപടികളാണ്. ജില്ലയിലെ ഭൂജലം പൊതുവെ ഗുണനിലവാരമുള്ളതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തുറന്ന കിണറുകളിലെയും ഭൂജലം താരതമ്യേന മെച്ചപ്പെട്ടതാണ്. എങ്കിലും ചില സ്ഥലങ്ങളിൽ കോളിഫോം ബാക്ടീരിയയുടെയും രാസമാലിന്യങ്ങളുടെയും സാന്നിധ്യം കാണുന്നുണ്ട്. കിണറുകളും പരിസരങ്ങളും വൃത്തിയാക്കി സൂക്ഷിക്കാത്തതും കിണർ മൂടി സംരക്ഷിക്കാത്തതും സെപ്റ്റിക് ടാങ്ക്, മാലിന്യക്കുഴി തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കാത്തത് എന്നിവയൊക്കെ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. രാസവളങ്ങളുടെയും രാസമാലിന്യങ്ങളുടെയും അനുചിതവും അമിതവുമായ ഉപയോഗം കിണറുകളിൽ രാസമാലിന്യങ്ങളുടെ അളവ് വർധിക്കാൻ കാരണമാകുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.