ഇടുക്കിയിൽ കൃഷിനാശം; നഷ്​ടം 173.64 കോടി

തൊടുപുഴ: ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 17 വീട്​ പൂര്‍ണമായും 390 എണ്ണം ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ മഴകനത്ത കഴിഞ്ഞ 10 ദിവസങ്ങളിലായി 1956.43 ഹെക്ടര്‍ കൃഷിയിടത്തിലായി 17364.33 ലക്ഷം രൂപയുടെ നാശനഷ്​ടം കണക്കാക്കുന്നു.

17,320 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 813.30 ഹെക്ടറിലായി 127.45 കോടിയുടെ നഷ്​ടം ഏലം കൃഷിക്ക്​ മാത്രമുണ്ടായി. 233.8 ഹെക്ടറിലായി 8.21 കോടിയുടെ നഷ്​ടം കുരുമുളക് കൃഷിയിലും സംഭവിച്ചു.

നാല് ലക്ഷത്തിലധികം വാഴകള്‍, 981 തെങ്ങുകള്‍, 160 ഗ്രാമ്പുചെടികള്‍ തുടങ്ങിയവ ശക്തമായ കാറ്റിലും മഴയിലും നശിച്ചു. കപ്പ, പച്ചക്കറികള്‍, കൊക്കോ, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെ ജില്ലയിലെ എല്ലാവിധ കാര്‍ഷിക വിളകള്‍ക്കും നാശനഷ്​ടമുണ്ട്​. 

തേനി ജില്ലയിൽ വ്യാപക കൃഷിനാശം; വീടുകളുടെ​ മേൽക്കൂര കാറ്റെടുത്തു

കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽ കനത്ത മഴയും കാറ്റിലും വ്യാപക കൃഷിനാശം. ഏക്കർ കണക്കിന് സ്ഥലത്തെ വാഴ, നെല്ല്, കരിമ്പ്, ചോളം തുടങ്ങി പൂകൃഷി വരെ നശിച്ചു.

തേനി ജില്ലയിലെ കമ്പം, ഉത്തമ പാളയം, ബോഡി നായ്ക്കന്നൂർ, തേനി, ആണ്ടിപ്പെട്ടി, ഗൂഡല്ലൂർ പ്രദേശങ്ങളിലെല്ലാം കൃഷിനശിച്ചു. മഴ​െക്കാപ്പം എത്തിയ കാറ്റാണ് ഏറെ നാശനഷ്​ടം വരുത്തിയത്. കുലച്ച 50 ഏക്കറോളം സ്ഥലത്തെ വാഴകൾ കാറ്റത്ത് പൂർണമായും നശിച്ചു. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ നെൽകൃഷി, കരിമ്പ്, ചോളം കൃഷികളും നാശംനേരിട്ടു. ശക്തമായ കാറ്റ് ഗുഡല്ലൂർ, കമ്പം മേഖലയിൽ നൂറിലധികം വീടുകൾ തകർത്തു.

പല വീടുകളുടെയും മേൽക്കൂരകൾ കാറ്റത്ത് പറന്നുപോയി. വീടുകളുടെ ഭിത്തികൾക്കും നാശമുണ്ടായി. കൃഷിയടക്കമുള്ള നാശനഷ്​ടം റവന്യൂ-കൃഷി അധികൃതർ വിവരശേഖരണം ആരംഭിച്ചു. 50 ലക്ഷത്തിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വെള്ളംകയറി കപ്പത്തോട്ടം നശിച്ചു

ചെറുതോണി: വെള്ളം കയറി കപ്പകൃഷി നശിച്ചു. മരിയാപുരം മില്ലുംപടിയിൽ കല്ലുംകൂട്ടത്തിൽ ജോഷിയുടെ ഒരേക്കർ സ്ഥലത്തെ കപ്പയാണ്​ നശിച്ചത്​. 50,000 രൂപയുടെ നഷ്​ടമുണ്ട്​. കൂടാതെ തോടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞ്​ സമീപത്തെ പാലത്തിന് ഭീഷണിയാണ്.

മണ്ണിടിഞ്ഞ്​ വീട് അപകടാവസ്ഥയിൽ

കട്ടപ്പന: കട്ടപ്പന വാഴവര സ്വദേശി സുകുവി​െൻറ വീടി​െൻറ സംരക്ഷണ ഭിത്തിയുടെ മണ്ണിടിഞ്ഞ്​ അപകടാവസ്ഥയിലായി. കട്ടപ്പന നഗരസഭയുടെ ഒന്നാംവാർഡിൽപെട്ട വാഴവരയിലാണ് കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ്​ വീട് അപകടാവസ്ഥയിലായത്.

ബാങ്ക് വായ്​പയെടുത്തും കടം വാങ്ങിയും നിര്‍മാണം പൂര്‍ത്തിയാക്കിയ വീട് തകരുമെന്ന ഭീതിയിലാണ് ഈ കുടുംബം. മഴ കനത്താല്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ട്​.

പേമാരിയിൽ വീട്​ തകർന്നു

ചെറുതോണി: കഞ്ഞിക്കുഴിയിൽ ശക്തമായ കാറ്റിലും മഴയിലും പല വീടുകളും ഭാഗികമായും പൂർണമായും തകർന്നു. രാത്രിയിലുണ്ടായ പേമാരിയിൽ കുന്നേൽ ടോമി തോമസിെ​ൻറ വീട് പൂർണമായും തകർന്നു. തലേദിവസം കാറ്റിലും മഴയിലും വീടിെൻറ മുൻവശത്തെ ആസ്​ബസ്​റ്റോസ്​ ഷീറ്റ് തകർന്നിരുന്നു.

അന്ന് രാത്രി അഞ്ച്​ അംഗ കുടുംബം അയൽവാസിയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. റോഷി അഗസ്​റ്റിൻ എം.എൽ.എ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി രാജൻ, കഞ്ഞിക്കുഴി വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നാശനഷ്​ടം വിലയിരുത്തി.

വാഴത്തോട്ടം കാറ്റിൽ നശിച്ചു

കട്ടപ്പന: ശക്തമായ മഴയിലും കാറ്റിലും നാരകക്കാനത്ത് വാഴത്തോട്ടം പൂർണമായും നശിച്ചു. പ്രകാശ് കൈപ്പൻപ്ലാക്കൽ ജോർജുകുട്ടിയുടെ കൃഷിയാണ്​ നശിച്ചത്. നാരകക്കാനത്ത് ഒരു ഹെക്ടർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വാഴകളാണ് മൂപ്പെത്തും മുമ്പ്​ നിലംപൊത്തിയത്.

ഓണം വിപണി ലക്ഷ്യമിട്ട്​ കൃഷിയിറക്കിയ 2000 വാഴകളിൽ 1000 എണ്ണത്തിന് മുകളിൽ കാറ്റിൽ നിലംപൊത്തി. നാരകക്കാനത്ത് മഴയോടൊപ്പം ഉണ്ടായ ഉരുൾപൊട്ടലിൽ സമീപത്തെ തോട് കരകവിഞ്ഞ് കൃഷിയിടത്തിൽ വെള്ളം കയറിയും കൃഷിനശിച്ചു. ബാങ്ക്​ വായ്​പ തരപ്പെടുത്തി സ്ഥലം പാട്ടത്തിനെടുത്താണ്​ കൃഷിയിറക്കിയത്​. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്​ടമുണ്ട്​. കൃഷിഭവൻ അധികൃതൽ സ്ഥലത്തെത്തി നഷ്​ടം വിലയിരുത്തി.

ടണൽ മുഖം അടച്ചു; വെള്ളം ഗതിമാറിയൊഴുകി വൻ കൃഷിനാശം

ചെറുതോണി: നാരകക്കാനം മിനി ഡാം ഡൈവേർഷൻ പദ്ധതിയുടെ ടണൽ മുഖം അടച്ചതോടെ കാലവർഷത്തിൽ കുതിച്ചെത്തിയ വെള്ളം ഗതിമാറി ഒഴുകി ജലസേചന വകുപ്പി​െൻറ സംരക്ഷണഭിത്തി തകർന്ന്​ലക്ഷക്കണക്കിന്​ രൂപയുടെ കൃഷിനാശമുണ്ടായി. വീടുകൾക്ക്​ കേടുപാടുകൾ സംഭവിച്ചു.

വറങ്ങലക്കുടിയിൽ ജോമി, വേലിക്കകത്ത് ഷിബു, ആനിക്കാട് അപ്പച്ചൻ, മരങ്ങാട്ട്​ പാപ്പച്ചൻ, കടപ്പൂര്​ ലാലിച്ചൻ തുടങ്ങി ഇരുപതോളം കർഷകരുടെ കൃഷികൾ നശിച്ചു. നാരകക്കാനം മിനി ഡാം നാരകക്കാനം തോട്ടിൽനിന്ന്​ ഒഴുകിയെത്തുന്ന വെള്ളം മിനി ഡാമിൽ സംഭരിച്ച് ടണലിലൂടെ ഇടുക്കി ഡാമിലെത്തിക്കുന്നതാണ്​ പദ്ധതി.

ഒരുവർഷം മുമ്പ്​ ഒരു യുവാവ് ഡാമിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായി സംഭവം വിവാദമായതോടെ ഡാമി​െൻറ ടണൽമുഖം അടക്കുകയായിരുന്നു. തങ്കമണി വില്ലേജി​െൻറ പരിധിയിൽ വരുന്നതാണ് സ്ഥലം. മിനി ഡാം മുതൽ ഇടുക്കി ഡി.സി.സി ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലം വരെ നാല്​ കിലോമീറ്റർ ദൂരത്തെ സ്ഥലങ്ങളിൽ നാശംവിതച്ചു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ വൈദ്യുതി ബോർഡ് ടണൽ മുഖം തുറന്ന് വെള്ളം കടത്തിവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.