ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കോ​രം​പാ​റ​യി​ലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന

കാ​ട്ടാ​ന​ക്കൂ​ട്ടം

കാട്ടാന ശല്യം;പൊറുതിമുട്ടി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ

അടിമാലി: കാട്ടാനശല്യത്തിൽ വലഞ്ഞ് ദുരിതത്തിലായിരിക്കുകയാണ് ചിന്നക്കനാൽ,ശാന്തമ്പാറ പഞ്ചായത്തുകളിലെ കർഷകർ. രണ്ട് പഞ്ചായത്തുകളിലെയും വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങി ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിക്കുന്നത്.

ഇതിൽ കൂടുതലും ഏലം കൃഷിയുമാണ്. ശാന്തൻപാറയിലെ തലക്കുളം, കോരംപാറ, തോണ്ടിമല, പന്നിയാർ, ചൂണ്ടൽ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഏഴിന്റെ ആനക്കൂട്ടം എന്നറിയപ്പെടുന്ന കാട്ടാനകളാണ് ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.

പരാതികളേറെ; വനം വകുപ്പിന് നിസ്സംഗത

ആനശല്യത്തെ കുറിച്ച് പരാതികളേറുമ്പോഴും നടപടികളെടുക്കുന്നതിൽ വനം വകുപ്പ് കടുത്ത വീഴ്ചയാണ് വരുത്തുന്നത്. ആനശല്യത്തെ കുറിച്ച് വിവരമറിയിച്ചാൽ പോലും ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശാന്തൻപാറ പഞ്ചായത്തിലെ കോരംപാറയിൽ കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ സഹായമഭ്യർഥിച്ചെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല.

ഹൈറേഞ്ചിൽ മാത്രമല്ല മുള്ളരിങ്ങാട് ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്. ജില്ലയിലെ വനവിസ്തൃതിയേക്കാൾ കാട്ടാനകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അത്തരം വർധനവില്ലെന്നാണ് വനം വകുപ്പിന്‍റെ വാദം.

ആശ്വാസം തേടി കർഷകർ

നാട്ടിലിറങ്ങുന്ന കാട്ടാനകളുടെ പ്രധാന ഇര കൃഷി ഭൂമികളാണ്. ഈ പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കൃഷികളാണ് ഇതിനോടകം നശിപ്പിച്ചത്. ഏലത്തിന് പുറമേ വാഴ,കമുക്, തെങ്ങ് അടക്കം മറ്റ് കൃഷികളും ഇക്കൂട്ടത്തിൽ പെടും. ഭക്ഷണം തേടിയാണ് കാട്ടാനകൾ നാട്ടിലെ കൃഷിയിടങ്ങളിലെത്തുന്നത്.കാട്ടാനക്ക് ഒരു ദിവസം ശരാശരി 150 മുതൽ 300 കിലോഗ്രാം വരെ ഭക്ഷണവും 40 ലിറ്റർ വെള്ളവും വേണമെന്നാണ് കണക്ക്. ദഹനം കുറവായതിനാൽ ദിവസവും 18 മണിക്കൂർ വരെ ആന ഭക്ഷണം കഴിക്കുമെന്നും വിദഗ്ധർ പറയുന്നു.

വനത്തിൽ ഭക്ഷണവും വെള്ളവും കുറയുമ്പോഴാണ് വനാതിർത്തികളിലെ കൃഷി ഭൂമികളിലും ജനവാസ കേന്ദ്രങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നത്. ഇതൊഴിവാക്കാൻ ആവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ തന്നെ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് വനം വകുപ്പ് വിശദീകരണം.

എന്നാൽ ഇക്കാര്യത്തിൽ കാര്യമായ യാതൊരു പുരോഗതിയുമില്ലെന്നാണ് കർഷകർ പറയുന്നത്. ഇത് കൊണ്ട് തന്നെയാണ് ആനശല്യം പരിഹാരമില്ലാതെ തുടരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫെൻസിങ് നിർമാണമടക്കം മറ്റ് പ്രതിരോധ നടപടികളും ഇഴഞ്ഞാണ് നീങ്ങുന്നത്ത്. ഇതോടെ പരിഹാരമെന്തന്നറിയാതെ വലയുകയാണ് വനാതിർത്തികളിലെ ഗ്രാമീണരും കർഷകരും.

Tags:    
News Summary - Wild elephants nuisance Chinnakkanal and Shanthanpara panchayats in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.