ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ തകർത്ത വീട്
അടിമാലി: ചക്കക്കൊമ്പന്റെയും പടയപ്പയുടെയും ആക്രമണം മൂന്നാറിനേയും ചിന്നക്കനാലിനേയും മുൾമുനയിലാക്കുന്നു. ഏതാനും ആഴ്ചകളായി വനത്തിൽ തങ്ങിയിരുന്ന ചക്കക്കൊമ്പൻ ശനിയാഴ്ച വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി വീടിനുനേരെ ആക്രമണം നടത്തി. ചിന്നക്കനാൽ 301 കോളനിയിൽ ശനിയാഴ്ച രാത്രി ഇടിക്കുഴി സ്വദേശികളായ സാവിത്രിയുടേയും ലക്ഷ്മിയുടേയും വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. ഈ സമയം രണ്ടു വീടുകളിലും ആൾ ഉണ്ടായിരുന്നില്ല. വീടുകളുടെ ഭിത്തി തകർത്ത് വീട്ടുപകരണങ്ങളും നശിപ്പിച്ചു.
ഒരിടവേളക്കുശേഷമാണ് 301 കോളനിയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ഇവിടെ ഞായറാഴ്ച പകലും ചക്കക്കൊമ്പൻ നിലയുറപ്പിച്ചു. ആനയിറങ്കൽ ജലാശയത്തിന്റെ മറുകരയിൽ ശങ്കരപാണ്ഡ്യമെട്ടിന് സമീപം മറ്റൊരു കാട്ടാനക്കൂട്ടവും ഞായറാഴ്ച എത്തി.മൂന്നാറിൽ ഒരാഴ്ചയായി വിഹരിക്കുന്ന പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു. ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സ്ത്രീക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്. വനം വകുപ്പ് നിരീക്ഷണം നടത്തുന്നതല്ലാതെ ഈ കാട്ടാനയെ ജനവാസ കേന്ദ്രത്തിൽനിന്ന് തുരത്താൻ നടപടി സ്വീകരിക്കുന്നില്ല. പടയപ്പയുടെ ആക്രമണത്തിൽ പരിക്കേറ്റതായി സംശയിക്കുന്ന ഒറ്റക്കൊമ്പൻ എന്ന കാട്ടാന ഗുരുതര പരിക്കുകളോടെ ജനവാസ കേന്ദ്രത്തിൽ ചുറ്റിത്തിരിയുകയാണ്.
മറയൂർ, വട്ടവട, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ, മാങ്കുളം, അടിമാലി പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിൽ നിരവധി കാട്ടാനക്കൂട്ടങ്ങളാണ് ജനവാസ കേന്ദ്രത്തിലും കൃഷിയിടങ്ങളിലും തമ്പടിച്ചിരിക്കുന്നത്. വലിയ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച പടയപ്പ വ്യാപാര സ്ഥാപനത്തിന് നേരെയും അക്രമം അഴിച്ചുവിട്ടു. വലിയ നാശനഷ്ടങ്ങൾ തുടരുമ്പോഴും വനംവകുപ്പ് അനങ്ങാതെ മാറിനിൽക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രാത്രിയായാൽ 144 വകുപ്പിന് സമാനമാണ് തോട്ടം മേഖലയിലെ അവസ്ഥ. ഇരുട്ട് വീഴുന്നതിന് മുമ്പ് വീടുകളിൽ എത്തുന്നവർ ഇപ്പോൾ നേരം വെളുത്താൽ മാത്രമാണ് പുറത്തിറങ്ങുന്നത്. ആശുപത്രിയാത്ര പോലുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ ജീവൻ കൈയിൽ പിടിച്ചാണ് ഇവിടത്തുകാർ സഞ്ചരിക്കുന്നത്. സർക്കാറിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനക്ക് പുറമെ കടുവ, പുലി ശല്യം കൂടി തോട്ടം മേഖലയിൽ വർധിച്ചിരിക്കയാണ്.
മറയൂര്‍: ചിന്നാര്‍ റോഡില്‍ ഭീതിപരത്തി വിരിക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. മറയൂര്‍-ചിന്നാര്‍ റോഡിലൂടെയെത്തിയ തിരുവനന്തപുരം-പഴനി കെ.എസ്.ആർ.ടി.സി ബസിന് മുന്നിലാണ് കാട്ടാന യാത്രാതടസ്സം സൃഷ്ടിച്ചത്. റോഡില്‍ നിലയുറപ്പിച്ചെങ്കിലും ആന അക്രമങ്ങള്‍ക്ക് മുതിരാതിരുന്നത് ആശ്വാസമായി.
വേനല്‍ കനത്തതോടെ മറയൂര്‍, മൂന്നാർ മേഖലകളില്‍ റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതൽ. അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍-ചിന്നാര്‍ റോഡില്‍ ഇപ്പോൾ കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.