പാട്ടയടമ്പിൽ വീട്ടുമുറ്റത്ത് എത്തിയ ഒറ്റക്കൊമ്പൻ
അടിമാലി: കോരിച്ചൊരിയുന്ന മഴയും കാറ്റും മണ്ണിടിച്ചിലും. ഇതിനിടെ വീടുകൾക്ക് മുന്നിൽ കാട്ടാനയും. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ആദിവാസി ഗ്രാമങ്ങൾ. അടിമാലി പഞ്ചായത്തിലെ വാളറക്ക് സമീപം പാട്ടയടമ്പ് , കുളമാംകുഴി, അഞ്ചാംമൈൽ ആദിവാസി സങ്കേതങ്ങളിൽ ഉള്ളവരും സമീപവാസികളായ കർഷകരുമാണ് പ്രതികൂല കാലവസ്ഥക്കൊപ്പം കാട്ടാന ആക്രമണ ഭീതിയിൽ ദിനരാത്രങ്ങൾ തള്ളി നീക്കുന്നത്. ഒരു മാസം മുൻപ് വരെ മൂന്നാറിൽ ജനങ്ങൾക്ക് ഭീഷണിയായി കറങ്ങി നടന്നിരുന്ന ഒറ്റക്കൊമ്പൻ കാട്ടാനയും വേറെ മൂന്ന് കാട്ടാനകളുമാണ് ഇപ്പോൾ മേഖലയിൽ ഭീഷണി ഉയറത്തുന്നത്. പലരുടെയും വീട്ട് മുറ്റത്ത് കൂടിയാണ് ഒറ്റക്കൊമ്പൻ വിലസുന്നത്.
വെള്ളിയാഴ്ച പുലർച്ചെ വാളറ സ്വീപ് ലൈൻ ഭാഗത്ത് ഒറ്റക്കൊമ്പൻ വരികയും ദേശീയപാത മുറിച്ച് കടന്ന് അബ്ബാസ് താണേലി, എൽസി ചുട്ടമണ്ണിൽ, ബാലൻ, ജോയി കല്ലുംപുറം എന്നിവരുടെ ഏലം, വാഴ കവുങ്ങ്, തെങ്ങ്, തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. അത് കഴിഞ്ഞ് തിരികെ റോഡിലേക്കിറങ്ങി ക്രോസ് ചെയ്ത് റൈമോൻ കുറവുംകുടിയുടെ വീട്ടുമുറ്റത്ത് നിന്ന ശേഷം അമ്പലപ്പാറയിലേക്ക് പോയി.
കഴിഞ്ഞ് മൂന്ന് ദിവസമായി മൂന്നാറിൽ നിന്നെത്തിയ ആർ. ആർ. ടീം ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ട്. പടക്കം പൊട്ടിക്കുന്ന ശബ്ദവും പാട്ട കൊട്ടുന്ന ശബ്ദവും കേൾക്കുമ്പോൾ ആനകൾ ഉൾവനത്തിലേക്ക് മാറി നിൽക്കും. പ്രതികൂല കാലാവസ്ഥയും വെളിച്ച കുറവും പ്രവർത്തനത്തിന് തിരിച്ചടി ആയതിനാൽ ദൗത്യം വിജയിക്കാത്തതിനാൽ ഇപ്പോൾ ആർ.ആർ.ടീം മടങ്ങി. കവുങ്ങ്, തെങ്ങ്, ഏലം, വാഴ മുതലായ കൃഷികളാണ് നശിപ്പിച്ചതിൽ കൂടുതലും. ഇത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ചിന്നക്കനാലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ അരികൊമ്പനെ നാടുകടത്തിയ രീതിയിൽ ഇവിടെ നിന്നും ഒറ്റകൊമ്പൻ എന്ന കാട്ടാനയെ പിടികൂടി മാറ്റണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ തങ്ങളുടെ ജീവനും കൃഷിക്കും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.