വിരിഞ്ഞാപ്പാറയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷി

കര്‍ഷകരുടെ കണ്ണീര്‍ കാണാത്ത വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

അടിമാലി: കാട്ടുമൃഗങ്ങളുടെ തേര്‍വാഴ്ചയില്‍ കണ്‍മുന്‍പില്‍ എല്ലാം തകര്‍ന്നടിയുന്നതു കണ്ടു നെഞ്ചില്‍ കൈവച്ചു പരിതപിക്കുന്ന കര്‍ഷകരുടെ ദുര്‍വിധി നീളുന്നു. വിളകള്‍ നശിച്ച് കടക്കെണിയിലായ കര്‍ഷകര്‍ക്ക് സഹായം നല്‍കാതെ വനംവകുപ്പ്. കര്‍ഷകരുടെ പരാതികള്‍ തള്ളുന്ന വനംവകുപ്പിന്‍റെ നിലപാടില്‍ പ്രതിഷേധം. അടുത്തിലെ ശാന്തന്‍പാറയില്‍ മാത്രം 4 വീടുകളും ഒരു റേഷന്‍ കടയും കാട്ടാനകള്‍ തകര്‍ത്തു. മൂന്നാറില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. കഴിഞ്ഞ 6 മാസത്തിനിടെ 6 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. മാട്ടുപ്പെട്ടി, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി ഈ കാലയളവില്‍ 11 വ്യാപാര സ്ഥാപനങ്ങളും കാട്ടാന തകര്‍ത്തു. എന്നാല്‍ വനം വകുപ്പ് ഇവയെ തുരുത്തുന്നതിന് യാതോരു നടപടിയും സ്വീകരിക്കുന്നില്ല.

വന്യജീവികള്‍ വനാതിര്‍ത്തി കടക്കാതിരിക്കാന്‍ ഉരുക്ക് വടം, കിടങ്ങ് സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചു എന്ന അവകാശവാദം നിരത്തി കയ്യൊഴിയുകയാണ് വനംവകുപ്പ്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനൊക്കെ തീരുമാനമായിട്ടും കാട്ടുപന്നിക്കൂട്ടങ്ങളുടെ വിളയാട്ടം പതിവിലും രൂക്ഷമാകുകയാണ്. മാങ്കുളത്ത് ഒരു കാട്ടുപന്നിയെ വെടിവെച്ച് കൊന്നതൊഴിച്ചാല്‍ കൂടുതല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. കൊല്ലുന്ന കാട്ടുപന്നി ഒന്നിന് 1000 രൂപയാണ് പ്രതിഫലം. ആഴ്ചകളുടെ പരിശ്രമം തന്നെവേണം ഒരെണ്ണത്തിനെയെങ്കിലും കൊല്ലാന്‍. ഇതോടെ ലൈസന്‍സ് തോക്കുളള ആരും ഈ ജോലിക്ക് വരില്ല. മാസവരുമാനം നല്‍കി താല്കാലികാടിസ്ഥാനത്തില്‍ ജോലി നല്‍കിയാല്‍ കാട്ടുപന്നികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുളളു. ഇതിന് പുറമെ കുരങ്ങുകളുടെ ശല്യം കൂടിയാകുബോള്‍ കര്‍ഷകര്‍ നിസഹരാണ്.

മാങ്കുളം, ചിന്നക്കനാല്‍, അടിമാലി, ശാന്തന്‍പാറ, മറയൂര്‍, വട്ടവട, ഇടമലകുടി പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം അതി രൂക്ഷമായി തുടരുന്നത്. ഫലവൃക്ഷങ്ങളും ചെറുകിട കൃഷികളും ഒന്നൊഴിയാതെ വന്യജീവികള്‍ അകത്താക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പതിവിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും അനക്കമില്ലാതെ വനംവകുപ്പിന്‍റെ നിസംഗത തുടരുന്നു. ഫലവൃക്ഷങ്ങളിലെ കായ്ഫലങ്ങള്‍ വിളവെത്തും മുന്‍പെ നശിപ്പിക്കുന്ന കുരങ്ങുകളും ചെറുകിട വിളകളുടെ അടിവാരം തോണ്ടുന്ന കാട്ടുപന്നിക്കൂട്ടങ്ങളും കാട്ടാനകളും കൃഷി മേഖലയ്ക്കാകെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

റബര്‍ മരങ്ങളുടെ കായുകള്‍ പോലും വിട്ടുകളയാത്ത കുരുങ്ങന്‍മാര്‍ വീടുകളിലെ അടുക്കളകളില്‍ വരെ കയറി ഭക്ഷണം തട്ടിയെടുക്കാന്‍ അതിക്രമം കാട്ടുന്നതു ജീവനു തന്നെ ഭീഷണിയായി. നാട്ടുകാരായ വനപാലകരുടെ കൃഷിയിടങ്ങളിലും വന്യജീവികള്‍ അതിക്രമം അഴിച്ചുവിടുമ്പോള്‍ ദയനീയാവസ്ഥ പുറത്തു പറയാതെ പരിതപിക്കുകയാണിവരും നിരവധി. കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോണ്ട് ടീം മൂന്നാര്‍ ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാട്ടാന ശല്യം റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളില്ല. മാങ്കുളം, ചിന്നക്കനാല്‍, അട പോലുളള അവികസിത പഞ്ചായത്തുകളില്‍ കൂടുതലും നാശനഷ്ടങ്ങള്‍ നേരിട്ടത്. എന്നാല്‍ പട്ടയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് നഷ്ടപരിഹാരം നിഷേധിക്കുന്നത്.

വിരിഞ്ഞാപ്പാറയിൽ നാശം വിതച്ച് കാട്ടാനകൾ

അടിമാലി: മാങ്കുളം പഞ്ചായത്തിലെ വിരിഞ്ഞാപ്പാറയിൽ ചൊവ്വാഴ്ച് രാത്രി കാട്ടാന കൂട്ടമിറങ്ങി വ്യാപകമായി നാശം വിതച്ചു. തങ്കച്ചൻ തൈപറമ്പിൽ, നിധിൻ പാറയിൽ, അനീഷ് കാളത്തിൽപറമ്പിൽ എന്നിവരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. തെങ്ങ്, കമുങ്ങ്, ഏലം, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. നേരത്തെയും ഇവിടെ കാട്ടാന കൂട്ടം വ്യാപക നാശം വിതച്ചിരുന്നു.

Tags:    
News Summary - The protest against the forest department which does not see the tears of the farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.