കത്തിക്കയറി ഏത്തക്കായ വില

അടിമാലി: കത്തുന്ന വേനല്‍ക്കാലത്ത് ജില്ലയിൽ ഏത്തക്കായ വിലയും കത്തിക്കയറുന്നു. തിങ്കളാഴ്ച 70 രൂപക്കാണ് വ്യാപാരം നടന്നത്. രണ്ടാഴ്ച മുമ്പ് വരെ 50 രൂപക്ക് താഴെയായിരുന്നു വില. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.

വില കുതിച്ചുയരുമ്പോഴും ആവശ്യത്തിന് നേന്ത്രക്കായ കിട്ടാനില്ല. ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് കാരണം. റമദാന്‍, വിഷു, ഈസ്റ്റര്‍ വേളകളിൽ ഏത്തപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്. എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്ക് വൻതോതിൽ ഏത്തക്ക ജില്ലയില്‍നിന്ന് കയറ്റി അയച്ചിരുന്നു. എന്നാല്‍ൾ, ഇതും നിലച്ചു. മറ്റു ജില്ലകളില്‍നിന്ന് ലോഡ് കയറ്റി അയക്കാന്‍ ദിവസേന വിളി വരുന്നുണ്ടെന്നും എന്നാല്‍, ഒരു ലോഡ് പോലും കയറ്റിയയക്കാനാവുന്നില്ലെന്നും മൊത്തവ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് ഈ സീസണില്‍ നേന്ത്രക്കായ എത്താറുണ്ടായിരുന്നു. എന്നാല്‍, അവിടെയും ഉൽപാദനം കുറഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കോവിഡ് വ്യാപനത്തിൽ വിലയിടിഞ്ഞതിനാൽ മുന്‍വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ 25 രൂപയൊക്കെയാണ് കിട്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ ഇത്തവണ കൃഷിയില്‍നിന്ന് മാറിനിന്നതാണ് ഉൽപാദനം കുറയാന്‍ കാരണം. തമിഴ്‌നാട്ടിലെ തൃച്ചി, മേട്ടുപ്പാളയം എന്നിവിടങ്ങളിലും ഉൽപാദനം കുറവാണ്.

മുന്‍ സീസണുകളില്‍ നേന്ത്രക്കായക്ക് വിലയുണ്ടായില്ല എന്നുമാത്രമല്ല വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയുമായിരുന്നു. മറ്റിടങ്ങളിലേക്ക് കയറ്റിപ്പോകുന്നതിനുപുറമേ, ജില്ലയിലെ ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കും വിറ്റഴിച്ചിരുന്നു.

Tags:    
News Summary - The price of bananas is going up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.