അടിമാലി: വൈദ്യുതി വകുപ്പിന്റെ പലരും കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയില്ല. മാട്ടുപ്പെട്ടി, മൂന്നാര്‍, ചിത്തിരപുരം, ചിന്നക്കനാല്‍, ആറ്റുകാട് പ്രദേശങ്ങളിലായി കോടികളുടെ ഭൂമിയാണ് ബോർഡിന് നഷ്ടപ്പെട്ടത്.
ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷിച്ച സര്‍ക്കാര്‍ വകുപ്പുകള്‍ ഇവ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരുനടപടിയും സ്വീകരിക്കുന്നില്ല. ചിലയിടങ്ങളില്‍ റവന്യൂവകുപ്പ് തിരിച്ചുപിടിച്ച് ഭൂബാങ്കില്‍ നിക്ഷേപിച്ചവയും ഇപ്പോള്‍ കൈയേറ്റക്കാരുടെ കരങ്ങളിലാണ്. ചിലയിടങ്ങളില്‍ കൂറ്റന്‍ റിസോര്‍ട്ടുകള്‍ വരെ ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിലും ആനയിറങ്കല്‍ ഡാം ക്യാച്ച്മെന്റ് ഏരിയയിലുമാണ് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടമായതെന്നാണ് വിവരം. പള്ളിവാസല്‍ വില്ലേജില്‍ സർവേ നമ്പര്‍ 48, 209, ചിന്നക്കനാല്‍ വില്ലേജില്‍ സർവേ നമ്പര്‍ 431 എന്നിങ്ങനെ ഹൈക്ടറുകണക്കിന് ഭൂമിയാണ് നഷ്ടമായത്.
ഇതുസംബന്ധിച്ച് ദേവികുളം തഹസില്‍ദാറുടെ 2007 ആഗസ്റ്റ് 29ലെ റിപ്പോര്‍ട്ട് പ്രകാരം 172 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുതി വകുപ്പിന് നഷ്ടമായതെന്ന് വ്യക്തമാക്കുന്നു. ചിത്തിരപുരം കോളനിയില്‍ മാത്രം 13.3367 ഹെക്ടര്‍ സ്ഥലം കൈയേറി. കൂടാതെ, പൈപ്പ് ലൈന്ഭാഗം, ആറ്റുകാട് വെള്ളച്ചാട്ടഭാഗം, മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിനോട് ചേര്‍ന്ന് സർവേ നമ്പര്‍ 209/1 ലും ഭൂമി നഷ്ടപ്പെട്ടു.
വൈദ്യുതി വകുപ്പിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ചിത്തിരപുരം ജനറേഷന് വിഭാഗത്തിന് കീഴില്‍ മാത്രം 376.73 ഹെക്ടര്‍ സ്ഥലമാണുള്ളത്. ഈ സ്ഥലം സര്‍വേ, ഡിമാര്‍ക്കേഷന്‍ ചെയ്യാത്തത് മറയാക്കിയാണ് കൈയേറ്റമെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്.
ഇതിനിടെയാണ് പാട്ടവ്യവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങള്‍ വലിയരീതിയില്‍ ഭൂമി കൈയടക്കിയത്. ഭൂമി അളക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടയുന്ന സാഹചര്യം വരെയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.