മുന്‍മന്ത്രിക്ക് ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം റദ്ദാക്കും

അടിമാലി: മുന്‍ മന്ത്രിക്ക് ഭൂമി വിട്ടുനല്‍കാന്‍ മിനിറ്റ്സിൽ കൃത്രിമം നടത്തി വ്യാജമായി കമ്മിറ്റി തീരുമാനം എഴുതിയുണ്ടാക്കിയ സംഭവത്തില്‍ നടപടിയുമായി അടിമാലി പഞ്ചായത്ത്. പൊതുമുതല്‍ നഷ്ടമാകുന്നവിധം എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കൈക്കൊണ്ട തീരുമാനം റദ്ദാക്കാൻ വിഷയം പ്രത്യേക അജണ്ടയായി നിശ്ചയിച്ച് വീണ്ടും യോഗം ചേരും. തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാറിന് അപേക്ഷ നല്‍കാനും തീരുമാനിച്ചു.

ബുധനാഴ്ച ചേര്‍ന്ന കമ്മിറ്റി വിഷയം വിശദമായി ചര്‍ച്ചചെയ്തു. ഭരണപക്ഷമായ യു.ഡി.എഫ് അംഗങ്ങള്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ജീവനക്കാരുടെ പങ്കും മുന്‍ മന്ത്രിയുടെ ഇടപെടലുകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍, ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു കുര്യക്കോസ് പറഞ്ഞു.

1988ലാണ് അടിമാലി പഞ്ചായത്ത് മുന്‍ മന്ത്രി ടി.യു. കുരുവിളയില്‍നിന്ന് 1.5 ഏക്കര്‍ സ്ഥലം വിലക്കുവാങ്ങുന്നത്. ഈ ഭൂമിയില്‍ തന്റെ 18.5 സെന്റ് സ്ഥലം അധികമായി വന്നെന്നും അത് തിരികെവേണമെന്നുമായിരുന്നു ആവശ്യം. ഇതിനോട് ചേര്‍ന്ന് പരാതിക്കാരന് വേറെയും ഭൂമിയുണ്ട്. ഭൂമി തിരിച്ച് ആവശ്യപ്പെടുന്നത് ദുരുദ്ദേശപരമാണെന്ന് കമ്മിറ്റി വിലയിരുത്തി.

മാത്രമല്ല പട്ടയത്തില്‍ പുറമ്പോക്ക് പഞ്ചായത്തിന് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി വാങ്ങിയപ്പോള്‍ ഇതില്‍ 35 സെന്റ് സ്ഥലം ബസ് സ്റ്റാൻഡ് ആവശ്യത്തിന് മാത്രമായി ഉപയോഗിക്കണമെന്ന് തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍, ഈ തീരുമാനവും അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നു.

Tags:    
News Summary - The decision to release the land to the former minister will be cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.