തേക്ക് കൊള്ള: മുൻ റേഞ്ച് ഓഫിസർ ജോജി ജോണ്‍ അറസ്റ്റിൽ

അടിമാലി: റവന്യൂ ഭൂമിയിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ മുഖ്യപ്രതിയായ റേഞ്ച് ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുന്‍ റേഞ്ച് ഓഫിസര്‍ ജോജി ജോണാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച രാത്രി എട്ടോടെ വെള്ളത്തൂവൽ സി.ഐ കുമാറാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ സെക്ഷൻ ഫോറസ്റ്റർ സതീഷ് കുമാറിനെയും അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യത്തിൽ വിട്ടു. മറ്റൊരു പ്രതിയായ വില്ലേജ് അസിസ്റ്റന്‍റ് രഞ്ജിത്ത് നേരത്തേ ജാമ്യം നേടിയിരുന്നു.

സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്നതിനും നിർദേശിച്ചതിനെ തുടർന്നാണ് ജോജി ജോൺ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 2021 സെപ്റ്റബറിലാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ജോജി ജോണ്‍ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടിമാലി സി.ഐ സുധീറിന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് വെള്ളത്തൂവല്‍ പൊലീസ് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തത്. ഹൈകോടതിയിലും സുപ്രീംകോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി ജോജി ജോണ്‍ ഹരജി നല്‍കിയിരുന്നു. കോടതി നിർദേശപ്രകാരമാണ് സ്റ്റേഷനില്‍ ഹാജരായത്. കൊന്നത്തടി വില്ലേജിലെ മങ്കുവയില്‍ റവന്യൂ ഭൂമിയില്‍നിന്നടക്കം എട്ട് തേക്ക് മരങ്ങള്‍ മറിച്ചുകടത്തിയ സംഭവത്തില്‍ ജോജി ഒന്നാം പ്രതിയായാണ് പൊലീസ് കേസ് എടുത്തത്.

Tags:    
News Summary - Teak robbery: Former Range Officer Joji John arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.