representational image

ചെലവിടുന്നത് കോടികൾ; എന്നിട്ടും വികസനമെത്താതെ ആദിവാസി കോളനികൾ

അടിമാലി: ആദിവാസികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും വികസമെത്താതെ ആദിവാസികള്‍ ദുരിതത്തില്‍. ദേവികുളം താലൂക്കിലെ ആദിവാസി കോളനികളിൽ വസിക്കുന്നവരാണ് പ്രധാനമായും ദുരിതം അനുഭവിക്കുന്നത്.

വീട്, റോഡ്, ഭൂമി, തൊഴില്‍, ഭക്ഷണം, കുടിവെള്ളം തുടങ്ങിയവക്കായി ഏഴുവര്‍ഷത്തിനിടെ 50 കോടിയിലേറെ മുടക്കിയെങ്കിലും ആദിവാസികൾക്ക് കാര്യമായി പ്രയോപ്പെട്ടിട്ടില്ല.താലൂക്കിലെ ഭൂരിഭാഗം ആദിവാസി കോളനികളും വീടില്ലാതെയും കുടിവെള്ളമില്ലാതെയും ദുരിതത്തിലാണ്.

കറത്തിക്കുടി, വേലിയാംപാറ, വെങ്കായപ്പാറ, മീന്‍കുത്തി, പെട്ടിമുടി, ഞാവല്‍പ്പാറക്കുടി, ചിന്നപ്പാറ, തലയൂരപ്പന്‍കുടി, ചൊക്രാമുടി, ചിക്കനാല്‍, പ്ലാമല, പെട്ടിമുടി, ഇളംബ്ലശ്ശേരി, മൂത്താശ്ശേരി, തട്ടേക്കണ്ണൻകുടി എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കായി അനുവദിച്ച നിരവധി വീടുകളാണ് നിർമാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. 2005ല്‍ 301 ആദിവാസികളെ സര്‍ക്കാര്‍ കുടിയിരുത്തിയ ചിന്നക്കനാലില്‍ ഇപ്പോള്‍ 50ല്‍ താഴെ പേരാണുള്ളത്.

1.5 ഏക്കർ വീതം ഭൂമിയാണ് ഇവിടെ ആദിവാസികൾക്ക് നൽകിയത്. നല്‍കിയ ഭൂമിയില്‍ ഏറിയപങ്കും നിലവിൽ വന്‍കിട റിസോര്‍ട്ട് നടത്തിപ്പുകാരുടെയും ഇടനിലക്കാരുടെയും കൈകളിലാണ്. ആനത്താര നശിപ്പിച്ചാണ് ഇവിടെ ആദിവാസികളെ കുടിയിരുത്തിയത്. കാട്ടാനശല്യം രൂക്ഷമായതാണ് ആദിവാസികള്‍ ഇവിടം ഉപേക്ഷിച്ചുപോകാന്‍ കാരണം.

അടിമാലി, പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകളില്‍ രണ്ടും മൂന്നും വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ മേല്‍ക്കൂരയില്ലാതെ വെയിലും മഴയുമേറ്റ് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ആദിവാസികളുടെ പേരില്‍ പുറമേനിന്നുള്ള കരാറുകാര്‍ പണി എറ്റെടുക്കും. തുടര്‍ന്ന് ആദിവാസികളെ കബളിപ്പിച്ച് കരാരുകാര്‍ മുങ്ങും.

ഇത്തരത്തില്‍ കൂടുതല്‍ വീടുകള്‍ നിർമാണം പൂര്‍ത്തിയാകാതെ കിടക്കുന്നത് കുറത്തിക്കുടിയിലാണ്. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത്.ഇവിടെ ഏലകൃഷിക്ക് വനംവകുപ്പ് വഴി 1.71 കോടി വിനിയോഗിച്ചതിൽ 1.5 കോടിയും ഉദ്യോഗസ്ഥരുടെ കൈകളിൽ എത്തിയെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ നടന്നെങ്കിലും ഉദ്യോഗസ്ഥർതന്നെ ഇത് അട്ടിമറിച്ചു.

Tags:    
News Summary - Spending crores; Yet the tribal colonies remain underdeveloped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.