ചക്കക്കൊമ്പന് തകര്‍ത്ത വീടിന് മുന്നില്‍ അമുത സുരേഷ്
അടിമാലി: ശക്തമായ കാറ്റും മഴക്കുമൊപ്പം കാട്ടാന ഭീതിയിലുമാണ് ചിന്നക്കനാല്‍ സിങ്കുകണ്ടത്തുകാര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചക്കക്കൊമ്പന് ജനവാസ മേഖലയില്‍ തമ്പടിച്ച് നാശം വിതക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് ചിന്നക്കനാല്‍ സിങ്കുകണ്ടം മേഖലയില്‍ അനുഭവപ്പെടുന്നത്. വലിയ തണുപ്പും ഉണ്ട്. ഇതിനൊപ്പമാണ് കാട്ടാനകളും ഇറങ്ങുന്നത്.
ഏതാനും ദിവസങ്ങൾക്കിടെ നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് ചക്കകൊമ്പന്‍ നടത്തിയത്. കഴിഞ്ഞ ദിവസം ബി.എല്റാവിലെ റേഷന്‍ കട തകര്‍ത്തു. തിങ്കളാഴ്ച രാത്രിയിലെത്തിയ കൊമ്പന് സിങ്കുകണ്ടത്തെ അമുത സുരേഷിന്റെ വീട് ഇടിച്ച് തകര്‍ത്തു. കുട്ടികളുമായി അമുത തമിഴ്നാട്ടില്‍ പോയിരുന്നതിനാല്‍ അപകടമൊഴിവായി. ഇത് രണ്ടാം തവണയാണ് ചക്കകൊമ്പന്‍ വീട് തകര്‍ക്കുന്നതെന്ന് അമുത സുരേഷ് പറഞ്ഞു. മഴക്കാലം ശക്തമായ സാഹചര്യത്തില്‍ പ്രദേശത്തെ തോട്ടങ്ങളിലും കാട്ടാനകള്‍ കൂട്ടമായി തമ്പടിക്കുന്നുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ കാട്ടാന എത്തിയാല്‍ അറിയാന്‍ കഴിയില്ലെന്നും കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ആവശ്യപ്പെട്ടു.
ഏതാനും മാസം മുമ്പ് ചക്കകൊമ്പന്‍ വീട് തകര്‍ത്തതിന് ശേഷം കടം വാങ്ങിയും മറ്റുമാണ് രണ്ട് മുറിയുള്ള ഈ ചെറിയ വീട് നിർമിച്ചത്. ഇതും തകര്‍ത്തതോടെ കൊച്ചു കുട്ടികളുമായി ഇനി എവിടെ പോകുമെന്ന ആശങ്കയിലാണ് കുടുംബം. വീട് നിർമിക്കാന്‍ വനം വകുപ്പ് അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ആഴ്ച ബൈക്ക് യാത്രക്കാരനെ ചക്ക കൊമ്പൻ ആക്രമിച്ചിരുന്നു. കൂടാതെ നിരവധി കടകളും തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.