കോഴി വില പറ പറക്കുന്നു: കിലോക്ക് 145 മുതല്‍ 150 രൂപ വരെ

അടിമാലി: ഇടവേളക്ക് ശേഷം ഇറച്ചിക്കോഴിവില കുതിച്ചു കയറുന്നു. ഒരു മാസത്തിനിടെ കിലോക്ക് 60 രൂപയിലേറെയാണ് കൂടിയത്. നിലവിൽ കിലോക്ക് 145 മുതല്‍ 150 രൂപയാണ് ശരാശരി വില. പ്രാദേശിക വ്യത്യാസമനുസരിച്ച് ഏറ്റക്കുറച്ചിലുണ്ട്.

കിലോക്ക് 85 മുതല്‍ 90 രൂപ വരെ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് വലിയ വിലവര്‍ധനയാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്നുള്ള കോഴികളാണ് ഇപ്പോള്‍ പ്രധാനമായും വിപണിയില്‍ എത്തുന്നത്. നാട്ടിലെ ഫാമുകളില്‍നിന്ന് വിൽപനക്ക് കോഴി കാര്യമായി ലഭിക്കാത്തതാണ് വിലവര്‍ധനക്ക് ഒരു കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ ഫാമുകള്‍ വ്യാപകമായി പൂട്ടിയതും കനത്ത ചൂടില്‍ കോഴികള്‍ കൂട്ടത്തോടെ ചാവുന്നതുമാണ് വിലക്കയറ്റത്തിന് മറ്റൊരു കാരണം. വിപണിയില്‍ കോഴിലഭ്യത കുറഞ്ഞതോടെ ഇറച്ചിവില മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ ഉയരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വിലവര്‍ധിക്കുമെന്നാണ് തമിഴ്നാട്ടിലെ വ്യാപാരികള്‍ നല്‍കുന്ന സൂചന. കോഴിത്തീറ്റ വില നിയന്ത്രണാതീതമാകുന്നത് ഫാമുകള്‍ക്ക് ഭീഷണിയാണെന്ന് കര്‍ഷകര്‍ പറയുന്നു.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന തീറ്റയാണ് ഭൂരിഭാഗം കര്‍ഷകരും ഉപയോഗിക്കുന്നത്. കോഴിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കള്‍ രാജ്യത്ത് ഉൽപാദനം കുറഞ്ഞതും കോഴിതീറ്റ വില ഉയരാന്‍ കാരണമായി. കോഴികള്‍ക്ക് ക്ഷാമം നേരിട്ടതോടെ ഏറ്റവും കൂടുതല്‍ വിലനിശ്ചയിക്കുന്നവര്‍ക്കും പണം രൊക്കം നല്‍കുന്നവര്‍ക്കുമാണ് ഫാം ഉടമകള്‍ കോഴികളെ ഇപ്പോള്‍ നല്‍കുന്നത്. അതുകൊണ്ടു തന്നെ മൊത്തക്കച്ചവടക്കാര്‍ തീരുമാനിക്കുന്ന വിലയാണ് വിപണിയിൽ.

Tags:    
News Summary - Poultry price 145 to 150 per kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.