അടിമാലി: ദേവികുളം താലൂക്കിൽ റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം മുടങ്ങി. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നീല കാർഡുകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. മഞ്ഞൾപ്പൊടി, ഉപ്പ്, ശർക്കരവരട്ടി, മുളകുപൊടി, വെളിച്ചെണ്ണ മുതലായവ കിട്ടാത്തതാണ് കിറ്റ് വിതരണത്തിന് തടസ്സമായതെന്ന് അധികൃതർ പറയുന്നു.
ബി.പി.എൽ, എ.എ.വൈ കാർഡുകൾക്ക് വന്ന കിറ്റുകളിൽ കുറച്ച് നീല കാർഡുടമകൾക്ക് റേഷൻ കടളിൽനിന്ന് നൽകിയിരുന്നു. വെള്ളക്കാർഡുകൾക്ക് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങേണ്ടതാണ്. കിറ്റുകൾ കിട്ടാതായതോടെ റേഷൻകട നടത്തിപ്പുകാർ വലിയ പ്രതിസന്ധിയിലായി. ഓണക്കിറ്റിനായി എത്തുന്നവർ റേഷൻ കടകളിൽ കൈയാങ്കളിക്കുവരെ മുതിർന്ന സംഭവമുണ്ടായി.
ആദിവാസി കോളനികളിൽ നിന്നും പിന്നാക്ക പ്രദേശങ്ങളിൽ നിന്നും 10 കിലോമീറ്ററിലധികം സഞ്ചരിച്ചുവേണം റേഷൻ കടകളിൽ എത്താൻ. ഇത്തരം സാഹചര്യങ്ങളിൽ താമസിക്കുന്നവർ സർക്കാർ പറഞ്ഞ തീയതികളിൽ വന്ന് നിരാശയോടെയാണ് മടങ്ങിയത്. 118 റേഷൻ കടകളാണ് ദേവികുളം താലൂക്കിലുള്ളത്. ഇതിൽ 23 കടകളിലെ കാർഡുടമകൾ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവർ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.