അടിമാലി ബസ്സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ്
അടച്ചിട്ടിരിക്കുന്നു
അടിമാലി: ഗതാഗതക്കുരുക്കും അപകടവും പതിവായ അടിമാലി ടൗണിൽ കൂടുതൽ ട്രാഫിക് പൊലീസിനെ നിയമിക്കാൻ നടപടി വേണമെന്ന് ആവശ്യം. 30 ലേറെ ഒഴിവുള്ള ഇവിടെ 10 പൊലീസുകാർ മാത്രമാണ് ജോലി ചെയ്യുന്നത്. ഇതിൽ മൂന്ന് എസ്.ഐമാർ അവധിയിൽ പ്രവേശിക്കുകയും ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസറെ അടിമാലി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതോടെ ട്രാഫിക് സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റി.
നിലവിലുള്ള ആറ് പേരിൽ ആരെങ്കിലും അവധിയിലോ ചികിത്സയിലോ ആയാൽ ട്രാഫിക് യൂനിറ്റിന്റെ പ്രവർത്തനം നിലക്കും. പൊലീസ് ഇല്ലാതായതോടെ ബസ്സ്റ്റാൻഡിലെ എയ്ഡ്പോസ്റ്റിന്റെയും പ്രവർത്തനം മുടങ്ങി. സെൻട്രൽ ജങ്ഷനിലെ ഡ്യൂട്ടി മാത്രമാണ് ഒരാളെ വെച്ചെങ്കിലും കുറച്ചൊക്കെ ചെയ്യുന്നത്. പട്രോളിങ്, വാഹന പരിശോധന തുടങ്ങിയ അധിക ജോലിയും പെറ്റിക്കേസുകൾ കൂട്ടണമെന്ന കടുംപിടിത്തവും ഈ വിഭാഗത്തെ തളർത്തുന്നു. എസ്.ഐമാരില്ലാത്തതിനാൽ വാഹന പരിശോധന ഒരാഴ്ചയായി നിലച്ചു. മാസം മൂന്ന് ലക്ഷത്തിലേറെ പെറ്റിക്കേസുകൾ ഉണ്ടായിരുന്ന യൂനിറ്റിലാണ് ഈ അവസ്ഥ.
അടിമാലി സി.ഐ യുടെ നിയന്ത്രണത്തിലാണ് ട്രാഫിക് യൂനിറ്റും ഹൈവേ പൊലീസും. ഈ വിഭാഗങ്ങളിലെ വാഹനങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി എപ്പോഴും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. വി.ഐ.പി. എസ്കോർട്ട്, വിവിധ അന്വേഷണം എന്നിവക്കായി ഈ വാഹനങ്ങളും ട്രാഫിക് യൂനിറ്റിലെ പൊലീസുകാരെയും മാറ്റുന്നു. സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റം ബസ്സ്റ്റാൻഡിൽ സർവിസ് ബസുകൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമെ സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. ബസ്സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടച്ചുപൂട്ടി.
അപകടങ്ങളും ട്രാഫിക് കുറ്റകൃത്യങ്ങളും കൂടുതലുള്ള ഹിൽ ഫോർട്ട് ജങ്ഷനിലും എസ്.എൻ.ഡി.പി, ഗവ. ഹൈസ്കൂൾ ജങ്ഷനിലും, സർവിസ് സഹകരണ ബാങ്ക് ജങ്ഷനിലും ട്രാഫിക് പൊലീസ് ഇല്ല. ഇതോടെ കാൽനട യാത്രക്കാർക്ക് റോഡ് കുറുകേ കടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.