അടിമാലി: പാലും മുട്ടയും പിന്നെ രണ്ടുകൂട്ടം കറിയും. സ്‌കൂളിലെ ഉച്ചക്ഷണ മെനു കണ്ടാല്‍ സര്‍ക്കാറിനെ എല്ലാവരും പുകഴ്ത്തും. എന്നാല്‍, ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ കീറിക്കീറി കീശയില്ലാതായ അവസ്ഥയിലാണ് അധ്യാപകർ. പ്രത്യേകിച്ചും പ്രധാനാധ്യാപകനും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകനും. ഉച്ചഭക്ഷണത്തിന്‍റെ ചുമതലയുള്ള പി.ടി.എകളും പ്രതിസന്ധിയിലാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാറില്‍നിന്ന് ഫണ്ട് കിട്ടാത്തതാണ് പ്രശ്‌നം.
കേന്ദ്രം 80 ശതമാനവും സംസ്ഥാനം 20 ശതമാനവും ചെലവഴിച്ചാണ് സ്‌കൂളുകളില്‍ ഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നത്. സര്‍ക്കാര്‍ ഫണ്ട് നിലച്ചാലും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്താന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. നിര്‍ധന വിദ്യാര്‍ഥികളും ഗോത്രവർഗ വിദ്യാര്‍ഥികളും ഏറെയുള്ള ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കൂടി നിലച്ചാല്‍ കൊഴിഞ്ഞുപോക്ക് വര്‍ധിക്കും.
2016ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് ആറ് മുതല്‍ എട്ട് രൂപ വരെയാണ് നല്‍കുന്നത്. പാചകവാതകത്തിനടക്കം വില പല ഇരട്ടി വര്‍ധിച്ചപ്പോഴാണ് തുക പഴയ നിരക്കില്‍ തുടരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉച്ചക്ക് തോരനടക്കം രണ്ട് കറികള്‍. ആദ്യത്തെ 150 കുട്ടികള്‍ക്ക് എട്ട് രൂപയും 350 വരെ ഏഴ് രൂപയും പിന്നീട് ഒരു കുട്ടിക്ക് ആറ് രൂപയുമാണ് നല്‍കുന്നത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ശരാശരി ഏഴ് രൂപ ലഭിക്കും. 100 കുട്ടികളുള്ള സ്‌കൂളിന് ഒരുനേരത്തെ ഭക്ഷണത്തിന് 800 രൂപയാണു ലഭിക്കുക.
800 രൂപക്ക് 100 ഊണ് എങ്ങനെ വിളമ്പുമെന്ന് അധ്യാപകർ ചോദിക്കുന്നു. അഞ്ച് പ്രവൃത്തി ദിവസത്തില്‍ രണ്ട് ദിവസം പാലും ഒരുദിവസം മുട്ടയും നല്‍കണം. പാല്‍ വാങ്ങി സ്‌കൂളിലെത്തുമ്പോഴേക്കും ഒരുകുട്ടിക്ക് നല്‍കേണ്ട എട്ട് രൂപയിലും അധികരിക്കും.
മുട്ട നല്‍കുന്ന ദിവസം മുട്ടക്കായി ആറ് രൂപ നല്‍കണം. ബാക്കി 18 രൂപകൊണ്ട് വേണം ഒരാഴ്ച കറികള്‍ക്കുള്ള സാധനങ്ങള്‍ കണ്ടെത്താനും ഗ്യാസും വിറകും വാങ്ങാനും. ഇതോടെ ഭക്ഷണത്തിന്‍റെ ചുമതലയുള്ള അധ്യാപകൻ സ്വന്തം കൃഷിയിടത്തിലെയും അയല്‍ക്കാരന്റെ കൃഷിയിടത്തിലെയും ചീരയും മുരിങ്ങയും ചേമ്പും ചേനയുമൊക്കെ പറിച്ചുകൊണ്ടു വരേണ്ട അവസ്ഥയാണ്.
പാചകത്തൊഴിലാളികള്‍ക്കും സ്‌കൂള്‍ തുറന്ന് രണ്ട് മാസം ആയിട്ടും വേതനം ലഭിച്ചിട്ടില്ല. 501ന് മുകളില്‍ കുട്ടികളുണ്ടെങ്കില്‍ രണ്ട് പാചകക്കാരെയാണ് അനുവദിക്കുക. 1500ന് മുകളില്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളിലും രണ്ടുപേര്‍ മാത്രമാണുള്ളത്. ഉച്ചഭക്ഷണത്തിനുള്ള തുക കാലോചിതമായി വര്‍ധിപ്പിക്കണമെന്ന് പി.ടി.എ കമ്മിറ്റികളും അധ്യാപകരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.