മാങ്കുളത്ത് പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ്
അടിമാലി: മാങ്കുളത്ത് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാങ്കുളത്തും ഉടുമ്പൻചോലയിലും പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ മന്ത്രി എം.എം. മണിയുടെ മണ്ഡലമായതിനാൽ ഉടുമ്പൻ ചോലയിൽ പൊലീസ് സ്റ്റേഷൻ യഥാർഥ്യമായി. എന്നാൽ സംവരണ മണ്ഡലത്തിൽപ്പെടുന്ന മാങ്കുളത്ത് അട്ടിമറിക്കപ്പെട്ടു. ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നായ മൂന്നാർ പൊലീസ് സ്റ്റേഷൻ വിഭജിച്ചാണ് മാങ്കുളത്ത് പുതിയ
സ്റ്റേഷൻ പ്രഖ്യാപിച്ചത്. ക്രമസമാധാന തകർച്ച, എത്തിപ്പെടാൻ പ്രയാസം, ലഹരി സംഘങ്ങളുടെ അമിതമായ ഇടപെടൽ, വാറ്റ് ചാരായ സംഘങ്ങളുടെ വളർച്ച , വിനോദ സഞ്ചാരികൾക്കെതിരായ ആക്രമണങ്ങൾ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ ലഹരി എത്തിച്ച് നൽകൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് മാങ്കുളത്ത് പൊലീസ് സ്റ്റേഷൻ അനുവദിക്കാൻ കാരണമായി അന്ന് സർക്കാർ പറഞ്ഞത്.
മൂന്നാർ പൊലീസ് സ്റ്റേഷന് കീഴിൽ ഔട്ട് പോസ്റ്റ് മാങ്കുളത്ത് ഉണ്ടെങ്കിലും അഞ്ചിൽ താഴെ ജീവനക്കാർ മാത്രമാണ് ഉള്ളത്. പഴയ വാഹനത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല.
പഴയ ക്ലബ് കെട്ടിടത്തിലാണ് ഔട്ട് പോസ്റ്റ് പ്രവർത്തിക്കുന്നത്. വെള്ളവും, പ്രാഥമിക സൗകര്യങ്ങൾക്കുള്ള സൗകര്യങ്ങളും ഇല്ലാത്തത് വലിയ പ്രശ്നമാണ് . അധികൃതരോട് പറഞ്ഞ് മടുത്തപ്പോൾ സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ മറ്റൊരു വാടക മുറി എടുത്താണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത്. തിരക്കേറിയ മൂന്നാർ സ്റ്റേഷനിൽ ഈ ഔട്ട് പോസ്റ്റ് ഡ്യൂട്ടി വലിയ ബാധ്യതയുമാണ്. മൂന്നാറിൽ വർഷത്തിൽ ആയിരത്തിന് മുകളിലാണ് കേസുകൾ. ഇടമലക്കുടി പഞ്ചായത്തും മൂന്നാറിന്റെ ഭാഗമാണ്. ഇവിടെ ഔട്ട് പോസ്റ്റ് പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പായില്ല. നാല് പഞ്ചായത്തുകളാണെങ്കിലും മൂന്നാർ സ്റ്റേഷൻ പരിധി വലുതാണ്. മൂന്ന് വാഹനങ്ങൾ മാത്രമാണ് സ്റ്റേഷനിലുള്ളത്. കഴിഞ്ഞ വർഷം മാത്രം 500 ന് മുകളിൽ കേസുകളാണ് ഇവിടെ റജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.