അടിമാലി: സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കാൻ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട ഭൂമാഫിയയുടെ തട്ടിപ്പിനിരയായ സി.പി.ഐ പ്രാദേശിക നേതാവ് ആത്മഹത്യ ശ്രമത്തെതുടർന്ന് ഗുരുതരാവസ്ഥയിൽ. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് ഹരിജന്‍ കോളനി നിവാസിയും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായ എന്‍. രാജേന്ദ്രനെയാണ് ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യ കന്നിയമ്മയുടെ പരാതിപ്രകാരം വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുളിമൂട്ടില്‍ എസ്റ്റേറ്റ് ഭാഗത്ത് 35 ഏക്കറോളം ഭൂമിയിൽ കാടുവെട്ടുന്നതിന് അടിമാലി സ്വദേശി അബ്ദുൽസലാം രാജേന്ദ്രന് കരാര്‍ നല്‍കിയിരുന്നു. ജില്ലയിലെ ചില ഭരണകക്ഷി നേതാക്കളുടെ നിർദേശപ്രകാരമാണിതെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. ഒരേക്കറിന് 30,000 രൂപ നിരക്കിലാണ് ജോലി ഏറ്റെടുത്തത്. വീട്ടുകാരെയും പണിക്കാരെയും കൂട്ടി കാട് പൂര്‍ണമായും വെട്ടിനല്‍കി. കരാര്‍പ്രകാരം പറഞ്ഞിരുന്ന പത്തര ലക്ഷം രൂപ നല്‍കണം. ഇത് നല്‍കാതെവന്നതോടെ തര്‍ക്കമായി. പണത്തിന് പകരമായി മൂന്നേക്കര്‍ ഭൂമി രാജേന്ദ്രന് എഴുതിനല്‍കാമെന്ന വ്യവസ്ഥയില്‍ കരാര്‍ ഉണ്ടാക്കി.
എന്നാല്‍, ഈ മൂന്നേക്കർ ഉൾപ്പെട്ട 35 ഏക്കറും മറ്റൊരാൾക്ക് അബ്ദുൽസലാം പാട്ടത്തിന് നൽകിയ പത്തേക്കറുമടക്കം 45 ഏക്കർ സർക്കാർ ഭൂമിയാണെന്ന് പിന്നീടാണ് അറിയുന്നത്. ഇതോടെ ജോലിക്കൂലിയായ 10.50 ലക്ഷം നൽകിയാൽ മതിയെന്ന് രാജേന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന്, കടബാധ്യതയിലായ രാജേന്ദ്രൻ ഈ മാസം 13ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഭൂമി പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് കൈവശപ്പെടുത്തുന്ന തന്ത്രമാണ് ഭരണകക്ഷി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം പയറ്റിയത്. ഇതിന് റവന്യൂ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. കന്നിയമ്മയുടെ പരാതി അട്ടിമറിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും നീക്കമുള്ളതായും പറയുന്നു. വ്യാഴാഴ്ച ലക്ഷ്മിയില്‍ എത്തിയ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലക്ഷ്മി മേഖലയില്‍ ഹെക്ടര്‍ കണക്കിന് സര്‍ക്കാര്‍ഭൂമി വ്യാജ രേഖയിലൂടെ ഭൂമാഫിയ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.