കപ്പ കാട്ടുപന്നി നശിപ്പിച്ചു; എല്‍ദോസിന് മിച്ചം നഷ്ടക്കണക്ക് മാത്രം

അടിമാലി: കൃഷിയിറക്കിയ 1000 ചുവട് കപ്പയില്‍ ഭൂരിപക്ഷവും കാട്ടുപന്നി നശിപ്പിച്ചതോടെ ഭീമമായ നഷ്ടം നേരിടുകയാണ് കര്‍ഷകനായ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്ത് സ്വദേശി എല്‍ദോസ് ഒറവലക്കുടി. ശേവല്‍കുടി ഭാഗത്ത് പാട്ടത്തിനെടുത്ത ഭൂമിയിലാണ് എല്‍ദോസിന്‍റെ കൃഷി.

കഴിഞ്ഞ ജനുവരിയില്‍ കപ്പവാട്ടി ഉണക്കുകയായിരുന്നു ലക്ഷ്യം. കുറച്ച് ഭാഗത്തെ കപ്പയുടെ വിളവെടുപ്പ് നടന്നു. എന്നാല്‍, അസുഖബാധിതനായി ആശുപത്രിയിലാവുകയും പിന്നീട് തോര്‍ച്ചയില്ലാതെ വേനല്‍മഴ പെയ്യുകയും ചെയ്തതോടെ ശേഷിച്ച കപ്പ, വാട്ടി ഉണങ്ങുന്ന കാര്യം പ്രതിസന്ധിയിലായി. ഈ കപ്പയാണ് കുറച്ച് നാളുകള്‍കൊണ്ട് കാട്ടുപന്നികള്‍ കുത്തിനശിപ്പിച്ചതെന്ന് എല്‍ദോസ് പറയുന്നു.

വന്യജീവി ശല്യം പ്രതിരോധിക്കാന്‍ കൃഷിയിടത്തിന് ചുറ്റും എല്‍ദോസ് വേലി തീര്‍ത്തിരുന്നു. കാട്ടുപോത്തുകള്‍ ആദ്യം വേലി തകര്‍ത്തതായും തുടർന്ന് കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കുറച്ച് നാളുകള്‍കൊണ്ട് കപ്പ പൂർണമായി കുത്തിമറിക്കുകയായിരുന്നുവെന്നും എല്‍ദോസ് പറയുന്നു. ഒരുലക്ഷം രൂപക്കടുത്ത് നഷ്ടം സംഭവിച്ചതായാണ് പറയുന്നത്. മാങ്കുളം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ വന്യജീവി ശല്യം വര്‍ധിച്ചത് കര്‍ഷകരെ വലിയരീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tags:    
News Summary - Kappa destroyed the wild boar; Eldos only has a surplus loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.