പട്ടയത്തിനായി കല്ലാര്‍കുട്ടിയുടെ കാത്തിരിപ്പ് നീളുന്നു

അടിമാലി: പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കല്ലാര്‍കുട്ടി പത്തുചെയിന്‍ മേഖലയില്‍ പട്ടയത്തിനുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല. 1977ന് മുമ്പ് ഹൈറേഞ്ചില്‍ കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കിയെങ്കിലും 1960ന് മുമ്പ് കുടിയേറിയ ഇവിടത്തെ കര്‍ഷകര്‍ക്ക് ജലവൈദ്യുതി പദ്ധതിയുടെ പേരില്‍ പട്ടയം നിഷേധിക്കപ്പെടുകയാണ്.

ഇടുക്കി അണക്കെട്ടില്‍ മൂന്ന് ചെയിന്‍ ഉൾപ്പെടെ സ്ഥലങ്ങളില്‍ പട്ടയം നല്‍കുകയും പെരിഞ്ചാംകുട്ടിപോലുള്ള പ്രദേശങ്ങളില്‍ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തപ്പോഴും കല്ലാര്‍കുട്ടി പത്തുചെയിന്‍ നിവാസികൾക്ക് അവഗണന മാത്രം.

ദേവികുളം, ഇടുക്കി താലൂക്കുകളിലായി 500ലധികം കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. കല്ലാര്‍കുട്ടി മേഖലയിൽ പട്ടയം നല്‍കുന്നതിന് മുന്നോടിയായി വൈദ്യുതി, റവന്യൂ മന്ത്രിമാരും ജില്ലയിലെ ജനപ്രതിനിധികളും കലക്ടര്‍ ഉൾപ്പെടെയുള്ളവരുമായി കല്ലാര്‍കുട്ടി ആക്ഷന്‍ കൗണ്‍സിൽ നേതൃത്വത്തില്‍ നിരവധി ചര്‍ച്ച നടത്തുകയും പലതവണ നിവേദനങ്ങൾ നല്‍കുകയും ചെയ്തു.

വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിൽനിന്നുള്ളവരാണ് മേഖലയില്‍ കുടിയേറിയവര്‍. ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ സർക്കാർ ആനുകൂല്യങ്ങളൊന്നും ഇവിടത്തുകാര്‍ക്ക് കിട്ടുന്നില്ല. പ്രധാനമന്ത്രിയുടെ കിസാന്‍ അനുകൂല്യങ്ങളും പട്ടയമില്ലാത്തതി‍െൻറ പേരില്‍ നിഷേധിക്കപ്പെടുന്നു.

ഡാം നിര്‍മിച്ച ശേഷം അധികമായി കിടന്ന ഭൂമിയിലാണ് നിര്‍ധന കുടുംബങ്ങള്‍ വീട് നിര്‍മിച്ച് താമസവും കൃഷിയും തുടങ്ങിയത്. ഇവര്‍ക്ക് കൈവശരേഖയും വീടുകള്‍ക്ക് പഞ്ചായത്ത് കെട്ടിട നമ്പറും ഉള്‍പ്പെടെയുണ്ട്. പഞ്ചായത്തുകളുടെ ധനസഹായംകൊണ്ട് വീട് നിര്‍മിച്ചവരുമുണ്ട്.

ഈ ഭൂമിയില്‍ വീട് നിര്‍മിച്ച് താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. മറ്റ് നിയമതടസ്സങ്ങള്‍ ഒന്നും ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ നയപരമായി തീരുമാനം എടുത്താല്‍ മാത്രമേ പട്ടയം ലഭിക്കൂ. പട്ടയം ഇല്ലാത്തതിനാല്‍ ഭൂമി കൈമാറ്റമോ വായ്പയെടുക്കലോ നടക്കാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടുന്നുണ്ട്.

എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പട്ടയ പ്രശ്‌നം സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ഇടപെട്ട് പട്ടയപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Kallarkuttys wait for Pattaya is getting longer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.