വീടുകള്‍ വാടകക്കെടുത്ത് അനാശാസ്യമെന്ന്​ ഇന്‍റലിജൻസ് റിപ്പോർട്ട്​; നടപടിയെടുക്കാതെ പൊലീസ്

അടിമാലി: വീടുകള്‍ വാടകക്കെടുത്ത് അടിമാലിയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്. അടിമാലി പൊലീസ് സ്റ്റേഷന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നാലിടങ്ങളിലായി പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് ഇന്‍റലിജൻസ് വിഭാഗം ഒരാഴ്ച മുമ്പ് പൊലീസ് അധികാരികള്‍ക്ക് നൽകിയ റിപ്പോർട്ട്.

ചിന്നക്കനാലില്‍ ജോലിയുള്ള ആളുടെ നേതൃത്വത്തില്‍ അടിമാലി പട്ടണത്തോട് ചേര്‍ന്നുള്ള വാടകക്കെട്ടിടത്തില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാല്‍, പൊലീസ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വിദൂര ജില്ലകളിലെ യുവതികളാണ് ഇവിടെയുള്ളത്. ഉന്നതരാണ് ഇടപാടുകാര്‍. പൊലീസിന്‍റെ അറിവോടെയാണ് പ്രവര്‍ത്തനം.

അടിമാലിയിലെ ഒരു യുവതിയുടെ നേതൃത്വത്തിലും അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇത്തരം കേന്ദ്രങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുന്നതിനാല്‍ വിവരം പുറത്തുപറയാന്‍ അയല്‍വാസികള്‍ ഭയക്കുകയാണ്. ഒരുവര്‍ഷം മുമ്പ് അടിമാലി കൂമ്പന്‍പാറയില്‍ ഹോംസ്‌റ്റേ റെയ്ഡ് നടത്തിയ പൊലീസ് വൻ അനാശാസ്യ സംഘത്തെ പിടികൂടിയിരുന്നു.

ഇതില്‍ ഉള്‍പ്പെട്ട യുവതികള്‍ക്കെതിരെ കേസ് എടുത്തിരുന്നില്ല. ഇതിനുശേഷം ഉന്നത റിസോര്‍ട്ടുകാരുടെയും ഹോംസ്‌റ്റേ നടത്തിപ്പുകാരുടെയും ഇടപെടലുകള്‍ ഉണ്ടായതോടെ പൊലീസ് ശക്തമായി നടപടി സ്വീകരിക്കുന്നില്ല. രാഷ്ട്രീയ സമ്മര്‍ദവും ഇത്തരം സംഭവങ്ങളില്‍ ഉണ്ടാകുന്നു.

മേഖലയിൽ ചീട്ട്, ചൂതാട്ട മാഫികളുടെ പ്രവര്‍ത്തനവും സജീവമാണ്. കഴിഞ്ഞദിവസം ചൂതാട്ട കേന്ദ്രത്തില്‍ വെള്ളത്തൂവല്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മാന്‍കൊമ്പും മാരകായുധങ്ങളും ഉള്‍പ്പെടെ പിടികൂടിയിരുന്നു.

അടിമാലി മേഖലയിലെ വന്‍കിട ക്ലബുകള്‍ കേന്ദ്രീകരിച്ചും വന്‍ ചൂതാട്ടകേന്ദ്രങ്ങളും നിശാപാര്‍ട്ടികളും നടക്കുന്നതായും വിവരമുണ്ട്. സര്‍വിസില്‍നിന്ന് വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥർക്കും സര്‍വിസിലുള്ള ചില ഉന്നത പൊലീസുകാര്‍ക്കും ഇതില്‍ പങ്കുള്ളതായും പറയുന്നു. വെള്ളത്തൂവല്‍, മൂന്നാര്‍, രാജാക്കാട്, ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    
News Summary - Intelligence report that renting houses is unethical; Police without action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.