ആനയും പുലിയും ജനവാസ കേന്ദ്രങ്ങളിൽ; ഭീതിയോടെ ജനം

അടിമാലി: നാലുവശവും വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ് മാങ്കുളം പഞ്ചായത്ത്. പുലി, ആന, പന്നി, പോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ എന്നും മാങ്കുളംകാരുടെ ഉറക്കംകെടുത്തുകയാണ്.

ഇവ ഉയര്‍ത്തുന്ന ഭീഷണിമൂലം പലായനം ചെയ്തവർ ഇവിടെ നിരവധിയാണ്. ഒരുവശത്ത് കാട്ടാനകളുടെ പരാക്രമണമാണെങ്കില്‍ മറുഭാഗത്ത് പന്നിയും പോത്തുമെല്ലാം നാശം വിതക്കുന്നു. ഇതിന് പുറമെയാണ് ആക്രമണകാരികളായ പുലികളുടെ ശല്യവും.

മൂന്ന് മാസത്തിലേറെയായി മാങ്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പുലിയുടെ ശല്യം. നിരവധി വളര്‍ത്തുനായ്ക്കളെയും ആടുകളെയും കോഴികളെയും കര്‍ഷകര്‍ക്ക് നഷ്ടമായി. പുലികൾ പകല്‍പോലും ജനവാസ കേന്ദ്രത്തിൽ ചുറ്റിത്തിരിയുകയാണ്. ഇതുസംബന്ധിച്ച് അറിയിപ്പുകൾ നല്‍കിയാൽപോലും വനപാലകർ തിരിഞ്ഞു നോക്കില്ലെന്നാണ് ആക്ഷേപം.

ഒരാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ സി.സി ടി.വി കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിന്‍റെ പകര്‍പ്പുമായി റേഞ്ച് ഓഫിസിനെ സമീപിച്ചു. ഇതോടെ പുലിയെ പിടിക്കാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചു. ആട്ടിന്‍കുഞ്ഞിനെ കെണിയാക്കി പുലിയെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായി.

പാമ്പുങ്കയം, 96, ചിക്കണംകുടി, കവിതക്കാട്, വിരിപാറ, വിരിഞ്ഞാപാറ, പെരുമ്പന്‍കുത്ത്, ആദിത്യപുരം, കുവൈറ്റ് സിറ്റി തുടങ്ങി ഭൂരിഭാഗം മേഖലയിലും പുലിയും ആനയും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മണ്ണിനടിയിലും മുകളിലും വിളയുന്ന കാര്‍ഷിക വിളകളും പച്ചക്കറികളും ഇവ നശിപ്പിക്കുന്നതോടെ കൃഷിയിറക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷിയിറക്കിയിരുന്ന ഇവിടെ ഇപ്പോള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. വാഴ, ചേന, ചേമ്പ് തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചു. ഇതോടെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.

പട്ടയഭൂമിയുണ്ടെങ്കിലും കൈവശഭൂമിയാണ് കൂടുതല്‍, ഇതോടെ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാലും നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത ഇല്ലാതായി. ഇതോടെ പലരും കൃഷിയും ഭൂമിയും ഉപേക്ഷിച്ച് മാങ്കുളത്തോട് വിടപറഞ്ഞു. മാങ്കുളം പഞ്ചായത്തില്‍ വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വിനീത സജീവന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - In elephant and tiger habitats-People in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.