ച​ള്ളാ​വ​യ​ലി​ന്​ സ​മീ​പം മ​രം​ വീ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്

പാതയോരത്തെ വൻ മരങ്ങൾ ഭീഷണി: ഭീതിയോടെ യാത്രക്കാർ

അടിമാലി: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെ 300ലേറെ വൻ മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ചീയപ്പാറയിൽ വൻ മരങ്ങൾ കടപുഴകിയിരുന്നു. നേര്യമംഗലം മുതൽ വാളറ വരെ അപകടാവസ്ഥയിൽ നിന്ന മരങ്ങൾ വെട്ടിമാറ്റാൻ 2014 ആഗസ്റ്റിൽ അന്നത്തെ മുഖ്യമന്ത്രി വനംവകുപ്പിന് നിർദേശം നൽകിയിരുന്നു.

തുടർന്ന് നേര്യമംഗലം റേഞ്ച് ഓഫിസർ നടത്തിയ പരിശോധനയിൽ ഉണങ്ങിയതും അപകടാവസ്ഥയിൽ നിൽക്കുന്നതുമായി 234 മരങ്ങളുണ്ടെന്നും ഇവ വെട്ടിമാറ്റണമെന്ന് ദേവികുളം ഡി.എഫ്.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. രണ്ട് വർഷം മുമ്പ് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലും ഇതേ വിഷയത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം വനപാലകർ വിവിധ സമയങ്ങളിലായി 20ഓളം മരങ്ങൾ വെട്ടിമാറ്റിയിരുന്നു.

മഴ ശക്തമായതോടെ ഒരാഴ്ചക്കിടെ അഞ്ച് വൻ മരങ്ങളാണ് ആറാംമൈലിനും വാളറക്കും ഇടയിൽ മാത്രം വീണത്. ദേശീയപാതയിൽ മരം വീണതോടെ നാട്ടുകാർ ഭയത്തിലാണ്. വീടുകൾക്ക് മരങ്ങൾ ഉണ്ടാക്കുന്ന ഭീഷണി നിരന്തരം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടു വർഷമായി പരാതിയുമായി ദേശീയപാത കാര്യാലയത്തിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.

വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പ്രശ്‌നമെന്നും അത് പരിഹരിക്കണമെന്നുമാണ് ഇവർ പറയുന്നത്. ചുവട് ദ്രവിച്ച മരങ്ങൾ ഉടൻ മുറിച്ചുമാറ്റിയില്ലെങ്കിൽ കാലവർഷത്തിൽ വലിയ ദുരന്തം ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സാമൂഹിക വനവത്കരണ വിഭാഗം വാല്യേഷന്‍ നൽകാൻ വൈകുന്നതാണ് മരങ്ങൾമുറിച്ചു നീക്കാൻ തടസ്സമെന്നും ആക്ഷേപമുണ്ട്.

ബസിന് മുകളിലേക്ക് മരംവീണു;ആർക്കും പരിക്കില്ല

മുട്ടം: തിരുവനന്തപുരം-മൂലമറ്റം കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരംവീണു. ഞായറാഴ്ച രാത്രി 10ന് ചള്ളാവയലിന് സമീപമായിരുന്നു അപകടം. ബസ് ചള്ളാവയിലിൽ എത്തിയപ്പോൾ പെട്ടന്ന് റബർ ഒടിഞ്ഞ് മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ബസ് വെട്ടിച്ചുമാറ്റി സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ ആർക്കും പരിക്കേറ്റില്ലെങ്കിലും മുൻ ഗ്ലാസ് തകർന്നു. അപകടം സംഭവിക്കുമ്പോൾ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Huge trees on the road are a threat: commuters are scared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.