അടിമാലി: ഉൽപാദന ചെലവ് ഉയർന്നതും വിലയിടിഞ്ഞതും ഹൈറേഞ്ചിലെ ശുദ്ധജല മത്സ്യകൃഷിക്ക് തിരിച്ചടിയായി. ആദായകരമായ വിലയില്‍ മത്സ്യം വിപണനം നടത്താന്‍ സാധിക്കാത്തതിനാല്‍ പലരും കൃഷിയില്‍നിന്ന് പിൻമാറുകയാണ്. ഉപജീവനമാര്‍ഗമായി മത്സ്യ കൃഷിയിലേക്ക് ഇറങ്ങിയ കര്‍ഷകരെല്ലാം കൈ പൊള്ളിയ അവസ്ഥയിലാണ്.
ചെറുതും വലുതും ഉള്‍പ്പെടെ കുളങ്ങളില്‍ വളര്‍ത്തുന്ന കട്ല, രോഹു, ഗ്രാസ് കാര്‍പ്, വാള, ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാഡ തുടങ്ങിയ മീന്‍ ഇനങ്ങള്‍ക്ക് ഉൽപാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ല. കടല്‍ മത്സ്യങ്ങള്‍ പ്രാദേശിക വിപണികളില്‍ നന്നായി വിറ്റഴിയുമ്പോള്‍ ശുദ്ധജലാശയ മത്സ്യങ്ങളോട് ഉപഭോക്താക്കള്‍ മുഖം തിരിക്കുകയാണ്. കുളങ്ങളില്‍ ഉൽപാദിപ്പിക്കുന്ന മീന്‍ ഇനങ്ങളില്‍ പലതിനും മുമ്പ് ആവശ്യക്കാര്‍ ഏറെയായിരുന്നു.
പ്രത്യേകിച്ച് ലോക് ഡൗണ്‍ കാലത്ത്. അന്ന് മത്സ്യത്തിന് മികച്ച വിലയും ലഭിച്ചിരുന്നു. എന്നാല്‍, നിലവില്‍ മിക്ക ഇനം മീനുകളും കിലോഗ്രാമിന് 200 രൂപയില്‍ താഴെ വിലയിട്ടിട്ടും വേണ്ടവിധം വിറ്റഴിക്കാനാകുന്നില്ല. 250 രൂപയെങ്കിലും വില ലഭിച്ചാലേ കർഷകന് നഷ്ടമില്ലാതെ പിടിച്ചു നിൽക്കാൻ സാധിക്കൂ.
മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തരിശ് ഭൂമിയില്‍ കുളം നിര്‍മിച്ച് നിരവധി കര്‍ഷകര്‍ മത്സ്യകൃഷി നടത്തിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയില്‍ വെള്ളം കയറി കുളം നിറഞ്ഞൊഴുകി ലക്ഷങ്ങളുടെ മത്സ്യ കൃഷി നശിച്ചവരും നിരവധിയാണ്.
ജില്ലയില്‍ കുറഞ്ഞ കാലയളവിൽ തന്നെ നിരവധി കര്‍ഷകർ മത്സ്യകൃഷിയിലേയ്ക്ക് തിരിഞ്ഞിരുന്നു. ഫിഷറീസ് വകുപ്പും മറ്റ് ഏജന്‍സികളും നടത്തിയ ഇടപെടലുകളാണ് ശുദ്ധജല മത്സ്യകൃഷി വികസനത്തിന് വഴിയൊരുക്കിയത്.
ചില കർഷകർ അശാസ്ത്രീയമായും കോഴിവേസ്റ്റും മറ്റും തീറ്റയായി നല്‍കിയും നടത്തുന്ന കൃഷിയാണ് മത്സ്യങ്ങളുടെ രുചിക്കുറവിനും അതുവഴി വിപണിവിലയില്‍ ഇടിവിനും ഇടവരുത്തിയതെന്നും ആക്ഷേപമുണ്ട്. ഒരു വർഷത്തിനിടെ സർക്കാറിന്റെ ഒരു സഹായവും സാധാരണ മത്സ്യകർഷകന് ലഭിച്ചിട്ടില്ലെന്നും ചില വൻകിട കൃഷിക്കാരാണ് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതെന്നും കർഷകർ പറയുന്നു. മീന്‍ വളര്‍ത്തല്‍ ശാസ്ത്രീയമാക്കാനും ന്യായവില ഉറപ്പു വരുത്താനും ഫിഷറീസ് വകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.