കാട്ടാനകൾ എത്താതിരിക്കാൻ വനം വകുപ്പ് സ്ഥാപിക്കുന്ന വൈദ്യുതി വേലിയുടെ നിർമാണത്തിൽ പങ്കാളികളായ നാട്ടുകാർ
അടിമാലി: ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പിനൊപ്പം നാട്ടുകാരുമിറങ്ങി. പാട്ടയടമ്പ്, കുളമാം കുഴി മേഖലയിലെ കാട്ടാന ശല്യം ഒഴിവാക്കാൻ വനം വകുപ്പിന്റെ വൈദ്യുതി വേലി നിർമാണത്തിന് സഹായിക്കാനാണ് ജനം ഒന്നാകെ മുന്നിട്ടിറങ്ങിയത്.
രണ്ട് കിലോമീറ്റർ ദൂരത്തിലാണ് വനം വകുപ്പ് വൈദ്യുതി വേലി സ്ഥാപിക്കുന്നത്. വേലി കടന്ന് പോകുന്ന ഭാഗങ്ങളിൽ കാട് വെട്ടിത്തെളിക്കാനും വേലിക്കാല് സ്ഥാപിക്കാനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട് ഒന്നിച്ചാണ് എത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി ഒറ്റ കൊമ്പനും ഇതര കാട്ടാനക്കൂട്ടങ്ങളും പാട്ടയടമ്പ്, കുളമാം കുഴി മേഖലയിൽ വലിയ നാശമാണ് വിതച്ചത്. ഇതോടെ ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ദേശീയപാത ഉപരോധിച്ച് നടത്തിയ സമരം വലിയ ജനശ്രദ്ധയാകർഷിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപും കാട്ടാന ഇറങ്ങിയതോടെ പ്രദേശത്തെ കുടുംബങ്ങൾ ഒന്നാകെ നേര്യമംഗലം റേഞ്ച് ഓഫീസറെ തടഞ്ഞുവെച്ചു. തുടർന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ വനംവകുപ്പ് വൈദ്യുതി വേലി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
വൈദ്യുതിവേലി സ്ഥാപിക്കാൻ നാട് ഒന്നാകെ വനം വകുപ്പിനെ സഹായിക്കാൻ എത്തിയത് വലിയ പ്രചോദനമായെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. ആഴ്ചകൾ എടുത്ത് തീരേണ്ട ജോലിയാണ് വേഗത്തിൽ തീരുന്നത്. കാട്ടാനകളെ ഉൾവനത്തിലേക്ക് ഓടിച്ച് മാറ്റിയ ശേഷമാണ് വൈദ്യുതി വേലി സ്ഥാപിക്കുന്നത്. പഴയ വൈദ്യുതിവേലി അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.