ദേശീയപാതയുടെ അധികാരം പിടിക്കാൻ വീണ്ടും വനം വകുപ്പ്; വ്യാപക പ്രതിഷേധം

അടിമാലി: ദേശീയപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വനം വകുപ്പ് നീക്കത്തിൽ വ്യാപക പ്രതിഷേധം. വിഷയത്തിൽ സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറവരെ വനമേഖലയിൽ പൊതുജനങ്ങൾക്ക് മേല്‍ വനം വകുപ്പ് കരിനിയമങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നു എന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം വാഹനത്തില്‍ കരിക്ക് വില്‍പന നടത്തിയ മൂന്ന് പേരെ കേസിൽപെടുത്തി റിമാൻഡ് ചെയ്തതാണ് ഒടുവിലത്തെ സംഭവം.ഇവരുടെ വാഹനങ്ങള്‍ വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം വനമേഖലയില്‍ വരുന്ന ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും ആരും റോഡില്‍ നിൽക്കരുതെന്നും കാട്ടി വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അടുത്തനാളില്‍ ചിലയിടങ്ങളില്‍ വന്യമൃഗങ്ങളെ കണ്ടെന്ന പേരില്‍ വാഹന നിയന്ത്രണം കൊണ്ടുവന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ വിവാദ ബോര്‍ഡുകള്‍ മാറ്റി.

ഈ പ്രശ്‌നം കെട്ടടങ്ങി വരുന്നതിനിടെയാണ് ദേശീയപാതയില്‍ അനാവശ്യനിയന്ത്രണവുമായി വനം വകുപ്പ് രംഗത്ത് വന്നത്. ആദ്യം ചീയപ്പാറ വെള്ളച്ചാട്ടം ഉള്‍പ്പെടെ സ്ഥലങ്ങളില്‍നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചു.ഇത് കോടതി നടപടിയിലേക്ക് നീങ്ങി. വ്യാപാരികള്‍ക്ക് അനുകൂലമായ വിധിവന്നു. ഇതിനുശേഷം ചീയപ്പാറ ഒഴിവാക്കി ബാക്കി പ്രദേശത്ത് നിയന്ത്രണം കൊണ്ടുവന്നു. ഇത് വ്യാപാരികളും വനപാലകരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി.

ഇത്തരത്തിലുള്ള തര്‍ക്കമാണ് കഴിഞ്ഞ ദിവസവും മൂന്ന് പേരെ ജയിലില്‍ അടക്കുന്നതിലേക്ക് എത്തിയത്. കരിക്ക് വില്‍പനക്കാര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം വനത്തില്‍ തള്ളിയെന്നാണ് കേസ്. ഇത് കെട്ടിച്ചമച്ചതാണെന്നും വനപാലകര്‍ കൊണ്ടുവന്ന് തള്ളിയശേഷം കേസ് എടുക്കുകയായിരുന്നെന്നും അറസ്റ്റിലായവര്‍ പറയുന്നു.രാജഭരണകാലത്ത് മൂന്നാര്‍ മുതല്‍ നേര്യമംഗലംവരെ 100 അടി വീതിയില്‍ സ്ഥലം റോഡിനായി വിട്ടുനല്‍കിയിരുന്നു.

എന്നാല്‍, രേഖയില്ലെന്ന് പറഞ്ഞ് ടാറിങ് റോഡിന് പുറമെയുള്ള സ്ഥലത്ത് ആര്‍ക്കും പ്രവേശനമില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. വാളറ മുതല്‍ മൂന്നാര്‍ വരെ പട്ടയവസ്തുവാണ്. ഈ ഭാഗത്ത് 100 അടി വീതിയിട്ടശേഷമാണ് പട്ടയവും നല്‍കിയത്. ദേശീയപാത അധികൃതരും ഈ വിഷയത്തില്‍ കാര്യമായ ഇടപെടുന്നില്ല.

വ്യാപാരം അനുവദിക്കില്ല -റേഞ്ച് ഓഫിസർ

അടിമാലി: നേര്യമംഗലം വനമേഖല ഉൾപ്പെടുന്ന ദേശീയ പാതയിൽ വ്യാപാരം അനുവദനീയമല്ലെന്ന് നേര്യമംഗലം റേഞ്ച് ഓഫിസർ സുനിൽലാൽ. ഇത് സംബന്ധിച്ച് കച്ചവടക്കാർ കോടതിയെ സമീപിച്ചിരുന്നു. കോടതിയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റിസർവ് വനത്തിൽ കച്ചവടക്കാർ മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണ്. വനത്തിൽ മാലിന്യം തള്ളിയതിനാലാണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തതെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

വിനോദസഞ്ചാരത്തിനും തടസ്സം

അടിമാലി: വാളറ വനമേഖലയില്‍ വിനോദ സഞ്ചാരത്തിനും വിലങ്ങ് തടിയായി വനം വകുപ്പ്. വെള്ളച്ചാട്ടങ്ങള്‍ മുഴുവന്‍ വേലി പണിത് അടച്ചെന്ന് മാത്രമല്ല, ഇറങ്ങുന്നവരെ കേസിൽപെടുത്തുകയും ചെയ്യുന്നു. വര്‍ഷങ്ങളായി വനമേഖലയില്‍ റോഡരികിൽ വാഹനങ്ങള്‍ കഴുകിയിരുന്നവരും കുളിച്ചിരുന്നവരും ഇതോടെ പുറത്തായി. കൂട്ടമായി വിനോദസഞ്ചാരികളെ കണ്ടാല്‍ വനപാലകര്‍ പറഞ്ഞുവിടും.


Tags:    
News Summary - Forest Department again to take over the power of National Highways; Widespread protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.