അടിമാലി: മൂന്നാർ വനം ഡിവിഷന് കീഴിൽ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇരുട്ടു വീണാൽ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങാൻ പോലും പ്രദേശവാസികൾക്ക് പേടിയാണ്. കാട്ടുപോത്തോ, ആനയോ, പുലിയോ, കടുവയോ ഏതു നിമിഷവും മുന്നിലേക്ക് ചാടിവീണേക്കാമെന്ന ഭീതിയാണ് കാരണം. കഴിഞ്ഞ ദിവസം മൂന്നാറിൽ കടുവ രണ്ട് പശുക്കളെയാണ് കൊന്നത്. തോട്ടം മേഖലയിൽ കാട്ടാനകൾ ലയങ്ങളുടെ മുന്നിൽ നിന്ന് മാറാത്ത സാഹചര്യവും. ഇതിന് പുറമെ കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങി നിരന്തരം ശല്യം സൃഷ്ടിക്കുന്ന വന്യമൃഗങ്ങൾ കാരണം പൊറുതിമുട്ടി വീടുകൾ ഉപേക്ഷിച്ചു പലായനം നടത്തിയവരും ഏറെ. ഏഴ് കാട്ടാനകളാണ് മൂന്നാറിൽ നാട് വിറപ്പിച്ച് ചുറ്റി കറങ്ങുന്നത്. ആനയിറങ്കൽ ഡാമിൽ ഇറങ്ങി വെള്ളം കുടിച്ച് ശാന്തരായി മടങ്ങിപ്പോയിരുന്ന കാട്ടാനക്കൂട്ടവും ഉണ്ട്. കഴിഞ്ഞ ആഴ്ച ചക്ക കൊമ്പൻ ഒരാളെ കൊലപ്പെടുത്തിയതും ഇതിന് സമീപമാണ്. 301 കോളനിയിൽ കാട്ടാന എത്താത്ത ദിവസങ്ങളില്ല.
സുരക്ഷിതമല്ല യാത്ര; എങ്കിലും ജീവിക്കണ്ടേ
ജീവനിൽ പേടിയുണ്ടെങ്കിലും ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ട എന്നാണ് തോട്ടം മേഖലയിലുള്ളവർ ചോദിക്കുന്നത്.
തൊഴിലാളികളും സ്കൂളിൽ പോകുന്ന കുട്ടികളുമടക്കം കാൽനടയായാണ് സഞ്ചരിക്കുന്നത്.
വന്യജീവികൾ റോഡ് മുറിച്ചു കടക്കുന്ന മേഖല, വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുത്, കാൽനട യാത്ര അപകടം എന്ന വനംവകുപ്പിന്റെ ബോർഡിരിക്കുന്ന മേഖലയിലൂടെയാണ് സ്ത്രീകളും കുട്ടികളുമടക്കം പഠിക്കാനും ജോലിക്കുമായി പോകുന്നത്.
വാഹനങ്ങളിൽ പോകുന്നവർക്കുള്ള മുന്നറിയിപ്പാണ്. ഇതൊക്കെ കണ്ടാണ് കുട്ടികളടക്കം ഭീതിയോടെ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.