representation image

ബാങ്കില്‍നിന്നെന്ന വ്യാജേന നല്‍കിയത് മുക്കുപണ്ടം; ജ്വല്ലറി ഉടമക്ക് നഷ്ടമായത് മൂന്ന് ലക്ഷം

അടിമാലി: ബാങ്കില്‍ പണയം വെച്ച സ്വര്‍ണം എടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവര്‍ന്നു. അടിമാലിയിലെ പ്രമുഖ ജ്വല്ലറി ഉടമയെയാണ് കബളിപ്പിച്ചത്. വെള്ളിയാഴ്ച ആനച്ചാലിലാണ് സംഭവം.

രണ്ട് ദിവസം മുമ്പ് കുഞ്ചിത്തണ്ണി സ്വദേശി ജോസ്‌കുട്ടി എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറി ഉടമക്ക് ഫോണ്‍ വരുന്നത്. ആനച്ചാലിലെ ബാങ്കില്‍ താന്‍ സ്വര്‍ണം പണയം വെച്ചിരിക്കുകയാണെന്നും മൂന്ന് ലക്ഷം ബാങ്കില്‍ അടക്കണമെന്നും ജ്വല്ലറി ഉടമയോട് ഫോണില്‍ അറിയിച്ചു. ജ്വല്ലറിയില്‍നിന്ന് കുറച്ച് സ്വര്‍ണം മാറ്റിയെടുക്കാനുണ്ടെന്നും പറഞ്ഞു.

ഇത് വിശ്വസിച്ച ജ്വല്ലറി ഉടമ രണ്ട് ജീവനക്കാര്‍ വശം പണം നല്‍കി ആനച്ചാലിലേക്ക് പറഞ്ഞയച്ചു. ബാങ്കിന് മുന്നില്‍ കാത്തുനിന്ന രണ്ടുപേര്‍ ജ്വല്ലറി ജീവനക്കാരെ പരിചയപ്പെട്ട് ഇവരുടെ കൈയില്‍നിന്ന് പണം വാങ്ങി. ബാങ്ക് പ്രവര്‍ത്തിക്കുന്ന ഒന്നാംനിലയിലേക്ക് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കയറിപ്പോയി. ഈ സമയം ജ്വല്ലറി ജീവനക്കാരും തട്ടിപ്പ് സംഘത്തിലെ രണ്ടാമനും ബാങ്കിന് പുറത്ത് നിന്നു. ഏതാനും മിനിറ്റുകള്‍ക്കുശേഷം തിരിച്ചിറങ്ങി വന്നയാള്‍ സ്വര്‍ണം ജ്വല്ലറി ജീവനക്കാര്‍ക്ക് കൈമാറി.

നല്‍കിയ പണത്തിന് ഇരട്ടി തുകക്കുള്ള സ്വര്‍ണമുണ്ടെന്നും ഓട്ടോയില്‍ പോയാല്‍ മതിയെന്നും പറഞ്ഞ് ജ്വല്ലറി ജീവനക്കാരെ ഓട്ടോവിളിച്ച് നല്‍കി. ഇവര്‍ ബൈക്കില്‍ പിന്നാലെ എത്തിക്കോളാമെന്നും അറിയിച്ചു. കുറച്ച് സമയം ഇവര്‍ ഓട്ടോയെ പിന്‍തുടരുകയും ചെയ്തു. ജീവനക്കാര്‍ ജ്വല്ലറിയിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും സ്വര്‍ണം നല്‍കിയവര്‍ എത്താതെ വന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്.

ഉടന്‍ ഫോണിലേക്ക് തിരിച്ച് വിളിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന് മനസ്സിലാവുകയും വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമാന രീതിയില്‍ അടിമാലിയില്‍ നേരത്തേ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.